video
play-sharp-fill

കെ.എം മാണി നിര്യാതനായി; നഷ്ടമായത് കേരളത്തിലെ രാഷ്ട്രീയ അതികായകനെ; മരണം എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ

കെ.എം മാണി നിര്യാതനായി; നഷ്ടമായത് കേരളത്തിലെ രാഷ്ട്രീയ അതികായകനെ; മരണം എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ കെ.എം മാണി നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദിവസങ്ങളായി എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4.57 ന് ലേക്ക് ഷോർ ആശുപത്രിയിലെ ഡോക്ടർമാർ ചേർന്നാണ് മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് പാലായിലെ വീട്ടിൽ നിന്നും അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ലേക്ക്‌ഷോർ ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ വരെ ഇദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടിരുന്നു. സ്വയം ശ്വാസം എടുത്തിരുന്ന ഇദ്ദേഹം ഇതിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ സ്ഥിതി ഗുരുതരമാകുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
അൻപത് വർഷത്തോളം പാലായുടെ എംഎൽഎയായിരുന്ന കെ.എം മാണി കേരള കോൺഗ്രസിന്റെ സ്ഥാപകന നേതാക്കളിൽ ഒരാളായിരുന്നു. 13 തവണ കേരളത്തിന്റെ ബജറ്റ് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 54 വർഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എം മാണി ഇതിൽ 13 തവണ മന്ത്രിയായും പ്രവർത്തിച്ചു. 1965 മുതൽ പാലാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഇദ്ദേഹം ഇതുവരെയും പരാജയം നേരിട്ടിട്ടില്ല. ഇത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡാണ്. ആഭ്യന്തരം, ധനം, റവന്യു, നിയമം, വൈദ്യുതി എന്നിവ അടക്കം വിവിധ വകുപ്പുകൾ ഭരിച്ചു.
മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപള്ളിയിൽ കർഷക ദമ്പതികളായ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകനായാണ് കരിങ്ങോഴയ്ക്കൽ കെ.എം മാണിയുടെ ജനനം. തൃശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നും നിയമബിരുദം നേടി. ഭാര്യ കുട്ടിയമ്മ. മകൻ – ജോസ് കെ.മാണി എം.പി, എൽസമ്മ, സാലി, ആനി, ടെസി, സ്മിത.
മരുമക്കൾ – ഡോ.തോമസ് കവലയ്ക്കൽ ചങ്ങനാശേരി, എം.പി ജോസഫ് റിട്ട.ഐ.എ.എസ്, ഡോ.സേവ്യർ എടയ്ക്കാട്ടുകുഴി എറണാകുളം, നിഷ ജോസ് കെ.മാണി, ഡോ.സുനിൽ ഇലവനാൽ കോഴിക്കോട്, രാജേഷ് കുരുവിത്തടം പാലാരിവട്ടം.