കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രം; ചികിത്സ തേടിയെത്തുന്നതാകട്ടെ മുന്നൂറിലധികം രോഗികൾ ; അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളും ഡോക്ടറും ദുരിതത്തില്‍

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രാത്രികാലങ്ങളിലുള്ളത് ഒരു ഡോക്ടർ മാത്രം. എന്നാല്‍, ചികിത്സ തേടിയെത്തുന്നതാകട്ടെ മുന്നൂറിലധികം രോഗികളും.ഇതോടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളും ഡോക്ടറും ദുരിതത്തില്‍. അമിത ജോലി ഭാരമാണ് രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ അനുഭവിക്കുന്നത്. കുട്ടികളും മുതിർന്നവരും ഉള്‍പ്പെടെ രാത്രി ചികിത്സ തേടി എത്തുന്നവർ ചിലപ്പോള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വരുന്നു.

മൂന്നു ഷിഫ്റ്റുകളിലായി അത്യാഹിത വിഭാഗത്തില്‍ ആകെ വേണ്ടത് ആറ് ഡോക്ടർമാരാണ്. എന്നാല്‍, ഇതിനായി നിലവില്‍ നാലു ഡോക്ടർമാർ മാത്രമാണുള്ളത്. അതിനാല്‍ ഇവർക്ക് അവധി എടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗികളെ കാണുന്നതിനൊപ്പം അപകടങ്ങളില്‍ പറ്റിയെത്തുന്നവരെയും പോലീസ് മെഡിക്കല്‍ കേസുകളെടുക്കുന്നതും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ തന്നെയാണ്. അപകടങ്ങളില്‍പ്പെട്ടെത്തുന്നവരുടെ മുറിവ് തുന്നിക്കെട്ടല്‍, മരുന്ന് വയ്ക്കല്‍, നിരീക്ഷണം തുടങ്ങിയവയെല്ലാം പരിമിത സാഹചര്യത്തില്‍നിന്ന് ഒരു ഡോക്ടര്‍ തന്നെ ചെയ്യേണ്ട സ്ഥിതിയാണുള്ളത്. വലിയ കേസുകളെത്തിയാല്‍ മെഡിക്കല്‍ കോളജിലേക്കു പറഞ്ഞ് വിടുകയാണ് ചെയ്യുന്നത്.

മഴക്കാലമായതോടെ പനിയും മറ്റു പകർച്ചവ്യാധികളും വ്യാപകമായ മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ പ്രധാന ആശ്രയമാണ് ജനറല്‍ ആശുപത്രി. ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.