play-sharp-fill
അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ്‌ കെയ്സുകളിലാക്കി മദ്യം കടത്തൽ ; 54 ലിറ്റർ അനധികൃത മദ്യവുമായി സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ പിടികൂടി എക്സൈസ്

അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ്‌ കെയ്സുകളിലാക്കി മദ്യം കടത്തൽ ; 54 ലിറ്റർ അനധികൃത മദ്യവുമായി സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ പിടികൂടി എക്സൈസ്

സ്വന്തം ലേഖകൻ

പാലക്കാട്: കാറിൽ 54 ലിറ്റർ അനധികൃത മദ്യവുമായി സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ എക്സൈസ് പിടികൂടി. വടവന്നൂർ കുണ്ടുകാട് ചാളയ്ക്കൽ എ. സന്തോഷിനെയാണ് (54) പിടികൂടിയത്. വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് 5.15-ന് കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന്‌ മുൻപിൽവെച്ചാണ് മദ്യം പിടികൂടിയത്. അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ്‌ കെയ്സുകളിലാക്കി കാറിന്റെ പിന്നിൽവെച്ച് കടത്തുകയായിരുന്നു. പാലക്കാട്ടുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതൽവിലയ്ക്ക് വിൽക്കാനാണ് മദ്യം കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാൽ സർക്കാർ മദ്യക്കടകളിൽനിന്ന് വാങ്ങിയതല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും എവിടെയോ വ്യാജമായി നിർമിച്ചതാണെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

രഹസ്യവിവരത്തെത്തുടർന്ന് കൊല്ലങ്കോട് എക്സൈസ് അസി. ഇൻസ്പെക്ടർ എൻ. സന്തോഷ്, പ്രിവന്റീവ് ഓഫീസർമാരായ പി. ചെന്താമര, കെ. രമേഷ്, യു. നാസർ, സീനിയർ സിവിൽ എക്സൈസ് ഓഫീസർ എ. അരവിന്ദാക്ഷൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ചരാത്രി പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി. ചൊവ്വാഴ്ച രാവിലെ മജിസ്ട്രേറ്റിന്‌ മുൻപിൽ ഹാജരാക്കും.