സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടണം, എൽ.പി സ്കൂളിൽ പരമാവധി 250 വിദ്യാർത്ഥികൾ, യു.പി വിഭാഗത്തിൽ 300, എട്ടു മുതൽ 10 വരെയുള്ള വിഭാഗത്തിൽ 500 വരെ മാത്രം കുട്ടികൾ, ഡിവിഷൻ അനുവദിക്കാനും കളയാനുമുള്ള എ.ഇ.ഒ, ഡി.ഇ.ഒ എന്നിവരുടെ അധികാരം എടുത്തുകളയണം; നിർദേശങ്ങളുമായി ഖാദർ കമ്മിറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന് ഡോ.എം.എ. ഖാദർ അധ്യക്ഷനായ കമ്മിറ്റി. റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്തിലാണ് ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്.
മികച്ച അധ്യാപകരെ ഉറപ്പാക്കണമെങ്കിൽ അധ്യാപന അഭിരുചിയുള്ളവരെ കണ്ടെത്തി നിയമിക്കാൻ കഴിയണം. നിയമനത്തിൽ ഭരണഘടനാപരമായ സാമൂഹികനീതി ഉറപ്പാക്കാൻ എയ്ഡഡ് സ്കൂളുകൾ അടക്കം സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ വിദ്യാലയങ്ങളിലെയും നിയമനം പി.എസ്.സിക്ക് വിടേണ്ട കാര്യം ഗൗരവമായി പരിഗണിക്കണമെന്നാണ് റിപ്പോർട്ട് പറയുന്നത്.
റിപ്പോർട്ടിലെ നിർദേശങ്ങൾ ഓരോന്നും പരിശോധിച്ച് തീരുമാനമെടുക്കണമെന്ന വ്യവസ്ഥയിലാണ് മന്ത്രിസഭ തത്ത്വത്തിൽ അനുമതി നൽകിയത്. സമയ ബന്ധിതമായും അധ്യാപക അഭിരുചി അടക്കമുള്ളകാര്യങ്ങൾ അഭിമുഖീകരിച്ചും നിയമനം നടത്താനായി അധ്യാപക നിയമനത്തിനായി പ്രത്യേക ടീച്ചർ റിക്രൂട്ട്മെന്റ് ബോർഡ് രൂപവത്കരിക്കുന്നതിനുള്ള സാധ്യത ആരായാനും റിപ്പോർട്ടിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായുള്ള ബോർഡ് പി.എസ്.സി ആന്തരികമായി രൂപവത്കരിക്കുകയോ സ്വതന്ത്രസംവിധാനം എന്നനിലയിൽ രൂപവത്കരിക്കുകയോ ആവാം. എയ്ഡഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടണമെന്ന ചർച്ച പൊതുസമൂഹത്തിൽ ശക്തിപ്പെടുകയും ദലിത്-പിന്നാക്ക സംഘടനകൾ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുകയും ചെയ്യുന്നതിനിടെയാണ് ഇതുവഴിക്കുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ച റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഒന്നര വർഷത്തിലേറെ മുമ്പ് സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. എയ്ഡഡ് സ്കൂളുകളിൽ മാനേജർമാർ ഇഷ്ടപ്രകാരം നിയമനം നടത്തുന്ന രീതി മാറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒഴിവുള്ള തസ്തികകളുണ്ട് എന്ന് വിദ്യാഭ്യാസാധികാരികൾ നോട്ടിഫൈ ചെയ്താൽ മാത്രമേ മാനേജർ നിയമനം നടത്താവൂ.
കുട്ടികളുടെ എണ്ണം ആറാം പ്രവൃത്തി ദിവസം കണക്കാക്കി എല്ലാ സ്കൂളുകളും ഡിജിറ്റൽ സംവിധാനം വഴി സർക്കാറിനെ അറിയിക്കുകയും വിജ്ഞാപനം വരുന്ന മുറക്ക് യോഗ്യരായവരെ നിയമിക്കുന്ന രീതിയിൽ ചട്ടങ്ങൾ പരിഷ്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മൂന്നുവർഷത്തിലൊരിക്കൽ ഓരോ വിദ്യാലയത്തിലുമുള്ള കുട്ടികളുടെ എണ്ണം വിലയിരുത്തി അധ്യാപക തസ്തിക സംബന്ധിച്ച് റിവ്യൂ നടത്താൻ റിപ്പോർട്ട് നിർദേശിക്കുന്നു.
ഇതിനായി ജില്ലയിലെ സ്കൂൾ വിദ്യാഭ്യാസ മേധാവി അധ്യക്ഷനായുള്ള ഉദ്യോഗസ്ഥർ മാത്രമടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിക്കണം. റവന്യൂ ജില്ല ഓഫിസിലെ എ.എ, പ്രദേശത്തെ സ്കൂൾ എജുക്കേഷൻ ഓഫിസർ എന്നിവർ അംഗങ്ങൾ ആകാം.
ഒരു എൽ.പി സ്കൂളിൽ പരമാവധി 250 വരെ വിദ്യാർത്ഥികളാവാം. യു.പി വിഭാഗത്തിൽ 300 വരെ വിദ്യാർത്ഥികളാവാം. എട്ടു മുതൽ 10 വരെയുള്ള വിഭാഗത്തിൽ 500 വരെ കുട്ടികളാവാം. 11 – 12 വിഭാഗത്തിൽ പരമാവധി 450 വിദ്യാർത്ഥികളാവാം.
അധിക ഡിവിഷൻ അനുവദിക്കാനും ഡിവിഷൻ കളയാനുമുള്ള എ.ഇ.ഒയുടെയും ഡി.ഇ.ഒയുടെയും അധികാരം എടുത്തുകളയണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.