വയനാട് ദുരന്തം; മൃതദേഹങ്ങളുടെ സംസ്കാരം നടത്താൻ 50 സെൻ്റ് സ്ഥലം കൂടി ഏറ്റെടുക്കുമെന്ന് മന്ത്രി കെ രാജൻ
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 30 മൃതദേഹങ്ങൾ സംസ്‌കരിച്ചതായി മന്ത്രി കെ രാജൻ. 90 ശരീര ഭാഗങ്ങളുടെ സംസ്കാരവും നടത്തും. 64 സെൻ്റ് ഭൂമിയിൽ മുഴുവൻ മൃതദേഹങ്ങളും സംസ്കരിക്കുക സാധ്യമല്ലാത്തതിനാല്‍ സംസ്കാരം നടത്താനായി 50 സെൻ്റ് സ്ഥലം കൂടി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
181 ശരീര ഭാഗങ്ങള്‍ കിട്ടി. 186 പേരെ കാണാതായതായും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. വയനാട്ടില്‍ നിന്ന് അഞ്ച് പേരുടെയും നിലമ്പൂരില്‍ നിന്ന് ഒരാളുടേതുമാണ് കണ്ടെത്തിയത്.
മീൻമുട്ടി – പോത്തുകല്ല് മേഖലയിൽ നാളെ പരിശോധന നടത്തും. കടന്നു ചെല്ലാൻ കഴിയാത്ത മേഖലകളിൽ കൂടി പരിശോധനയുണ്ടാകും. ചൂരൽമല ടൗൺ മുതൽ സൂചിപ്പാറ മുകൾ ഭാഗം വരെ സമഗ്ര തിരച്ചിൽ നടത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിൻ്റെ താഴ്ഭാഗത്ത് പരിശോധന നടത്താൻ വിദഗ്ധ സംഘം വേണം. മൃതദേഹം കണ്ടെത്തിയാൽ എയർ ലിഫ്റ്റിംഗ് മാത്രമാണ് സാധ്യത. കഡാവർ ഡോഗുകളെ കൂടുതൽ എത്തിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ചൂരൽമലയിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഐബോർഡ് ഡ്രോണും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചായിരുന്നു പരിശോധന. ഉരുള്‍പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ട 2514 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.