
ബംഗ്ലാദേശിൽ ഇനി മുതൽ സൈനിക ഭരണം: രാജ്യത്ത് വിവിധയിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു
ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം. ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ സലിമുള്ള ഖാനും ആസിഫ് നസ്‌റുളും നയിക്കും.
വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് 98 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസുമായും ഭരണകക്ഷി പ്രവർത്തകരുമായും പ്രതിഷേധക്കാർ ഏറ്റുമുട്ടുകയായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പതിനായിരക്കണക്കിന് സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും സ്റ്റൺ ഗ്രനേഡുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സർക്കാർ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.