ആരും കയറാൻ വന്നില്ല, യാത്രക്കാരില്ലാതെ ചൂരൽമലയിൽ നിന്ന് കെഎസ്ആർടിസി ബെയ്ലി പാലം കടന്ന് മടങ്ങി
കല്‍പ്പറ്റ : ഉരുള്‍പൊട്ടലില്‍ ചൂരല്‍മല പാലം തകർന്നതോടെ അട്ടമല റോഡില്‍ കുടുങ്ങിയ കെഎസ്‌ആർടിസി ഒടുവില്‍ മടങ്ങി.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ബെയിലി പാലത്തിലൂടെ കടന്ന് ബസ് കല്‍പ്പറ്റയിലേക്ക് കൊണ്ടുപോയത്. ഉരുള്‍പൊട്ടലുണ്ടായതിനുശേഷം കഴിഞ്ഞ ആറു ദിവസമായി ബസ് ചൂരല്‍മലയില്‍ അട്ടമല റോഡില്‍ കുടുങ്ങികിടക്കുകയായിരുന്നു. സ്ഥിരം യാത്രക്കാര്‍ ആരുമില്ലാതെ ബസിലെ ജീവനക്കാരില്ലാതെ എല്ലാത്തിനും മൂകസാക്ഷിയായി കിടന്നിരുന്ന ബസും മുണ്ടക്കൈ ദുരന്തത്തിലെ നോവുന്ന കാഴ്ചയായിരുന്നു.
കാരണം മുണ്ടക്കൈ പ്രദേശത്തെ കല്‍പ്പറ്റ നഗരവുമായി ബന്ധിപ്പിക്കുന്ന അവരുടെ സ്വന്തം ബസായിരുന്നു അത്. മുണ്ടക്കൈയിലെ ജനങ്ങളുമായി കെഎസ്‌ആര്‍ടിസി ബസ് സര്‍വീസിനും അത്രമേല്‍ ബന്ധമുണ്ട്. ഉരുള്‍പൊട്ടലും അതിനുശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തിനുമൊക്കെ മൂകസാക്ഷിയായശേഷം ഇന്നലെ വൈകിട്ടോടെയാണ് കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസ് കല്‍പ്പറ്റ ഡിപ്പോയിലേക്ക് മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെയിലി പാലത്തിലൂടെ സ്ഥിരം യാത്രക്കാരൊന്നുമില്ലാതെ ചൂരല്‍മലയിലൂടെ ആളും ബഹളവുമൊന്നുമില്ലാതെ ബസ് കടന്നുപോയി. ചൂരല്‍മലയിലെ അവശേഷിക്കുന്ന കടകളൊന്നും തന്നെ തുറന്നിരുന്നില്ല. ആരും ബസിലേക്ക് കയറാൻ ഓടിയെത്തിയതുമില്ല. ഒരു സ്റ്റോപ്പിലും നിര്‍ത്താതെ ഇനിയെന്ന് മുണ്ടക്കൈക്ക് തിരിച്ചുവരുമെന്ന് പോലും അറിയാതെയുള്ള മടക്കം.കല്‍പ്പറ്റ ഡിപ്പോയ്ക്ക് രണ്ട് സ്റ്റേറ്റ് സർവീസ് ആയിരുന്നു ഉണ്ടായിരുന്നത്.
ഒന്ന് മുണ്ടക്കൈയിലും. രണ്ടാമത്തെ അട്ടമലയിലും. പിന്നീട് അട്ടമലയില്‍ നിന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ അട്ടമല സ്റ്റേ സര്‍വീസ് ഒഴിവാക്കി. പിന്നീട് മുണ്ടക്കൈയില്‍ മാത്രമായിരുന്നു സ്റ്റേറ്റ് സർവീസ്. പതിവായി മുണ്ടക്കൈയില്‍ നിർത്തിയിരുന്ന ബസ്, ഈയിടെയായി ചൂരല്‍ മലയിലാണ് ഹാള്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് മാത്രമാണ് ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടലില്‍ ബസിനും കേടുപാടുകളൊന്നുമില്ല. എന്നാല്‍, മുണ്ടക്കൈയും ചൂരല്‍മലയുമൊക്കെ ഉരുള്‍പൊട്ടലില്‍ ഇല്ലാതായതോടെ ഇനി ഇങ്ങോട്ടേക്കുള്ള ബസ് സര്‍വീസും അനിശ്ചിതത്വത്തിലായി.