ദുരന്തവിവരം പുറത്തറിയിച്ച് നിരവധി പേർക്ക് രക്ഷകയായ നീതുവിന് വിട നൽകി ​ഗ്രാമം; അമ്മക്കായുള്ള ഏകമകൻ പാപ്പിയുടെ കാത്തിരിപ്പും അവസാനിച്ചു

Spread the love

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ നിരവധി പേർക്ക് രക്ഷകയായ നീതുവിന് ചൂരല്‍മല ഗ്രാമം വിടനല്‍കി. ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട ഭർത്താവ് ജോജോയും മകനും ജോജോയുടെ മാതാപിതാക്കളും ഹൃദയം തകർന്നാണ് നീതുവിനെ യാത്രയാക്കിയത്. വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ വിവരം ആദ്യം പുറത്തെത്തിച്ചത് നീതുവായിരുന്നു.

മേപ്പാടി അരപ്പറ്റ വിംസ് ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു നീതു. ചൂരല്‍മലയിലെ തങ്ങളുടെ വീടിന് സമീപം ചെളിവെള്ളം നിറഞ്ഞപ്പോള്‍ നീതു ഭയപ്പാടോടെ ആദ്യം വിളിച്ചത് താൻ ജോലി ചെയ്ത വിംസ് ആശുപത്രിയിലേക്കാണ്.

വീടിനു സമീപം ഉരുള്‍പൊട്ടിയതായി സംശയമുണ്ടെന്നും രക്ഷിക്കണമെന്നുമായിരുന്നു നീതുവിന്‍റെ വാക്കുകള്‍. ഈ സമയം സമീപത്തെ വീടുകളില്‍ വെള്ളം കയറിയതോടെ അയല്‍വീട്ടുകാരും നീതുവിന്‍റെ വീട്ടില്‍ അഭയം പ്രാപിച്ചു. ഉരുള്‍പൊട്ടിയ വിവരം അഗ്നിരക്ഷാ സേനയെയും നീതു അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിരക്ഷാ സേനയും ആംബുലൻസും ഇവർക്കു സമീപമെത്താൻ പുറപ്പെട്ടെങ്കിലും ശക്തമായ മഴയിലും കാറ്റിലും റോഡില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഈ സമയത്ത് രണ്ടാമതും പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി. സുരക്ഷിത സ്ഥാനത്തേക്കു മാറാൻ ആശുപത്രി അധികൃതർ നിർദേശിച്ചതനുസരിച്ച്‌ വീട്ടിലുള്ള പ്രായമായ മാതാപിതാക്കളെയും മകനെയും ഭർത്താവ് ജോജോ സമീപത്തെ തോട്ടത്തിലേക്കു മാറ്റി.

ഒപ്പം അയല്‍ക്കാരായ നിരവധിപ്പേരും സുരക്ഷിത സ്ഥാനത്തേക്കു മാറി. എന്നാല്‍, തിരികെയെത്തിയ ജോജോയ്ക്ക് കാണാനായത് സുരക്ഷിതമെന്ന് കരുതിയ വീടിന്‍റെ ഒരുഭാഗം ഉരുള്‍ വെള്ളത്തില്‍ ഒഴുകിപ്പോകുന്നതാണ്. പ്രാണപ്രിയയെ സമീപത്തെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

രക്ഷാപ്രവർത്തനത്തിന് എത്തിയ പ്രവർത്തകർ ഹൃദയവേദനയോടെയാണ് തന്‍റെ പ്രിയതമയെ ദുരന്തഭൂമിയില്‍ തെരയുന്ന ജോജോയെ കണ്ടത്. തുടർന്നുള്ള ഓരോ ദിവസവും ഓരോ ആംബുലൻസിലും തന്‍റെ പ്രിയതമയെ തെരയുകയായിരുന്നു ജോജോ. ഏക മകൻ പാപ്പിയും അമ്മ വരുന്നതും കാത്തിരിക്കുകയായിരുന്നു.

ഒടുവില്‍ ദുരന്തത്തിന്‍റെ അഞ്ചാം ദിവസമായ ശനിയാഴ്ചയാണ് ചാലിയാറില്‍നിന്ന് നീതുവിന്‍റെ ശരീരം കണ്ടെത്തിയത്. അന്നുതന്നെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ചൂരല്‍മല സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ നീതുവിന് അന്ത്യവിശ്രമം നല്‍കുകയും ചെയ്തു .