വയനാട് ഉരുൾപൊട്ടൽ : ദുരന്തം ബാധിച്ചത് ആറ് സ്കൂളുകളെ, ഏറ്റവും നാശമുണ്ടായത് വെള്ളാർമല സ്കൂളിന്, പഴയതിലും മെച്ചപ്പെട്ട നിലയിൽ സ്കൂളിനെ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Spread the love

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം മേഖലയിലെ ആറ് സ്കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

വെള്ളാർമല ജിവിഎച്ച്‌എസ്‌എസ് സ്കൂളിനാണ് ഏറ്റവും നാശമുണ്ടായത്. സ്കൂള്‍ പൂർണമായും തകർന്ന നിലയിലാണ്. പഴയതിലും മെച്ചപ്പെട്ട നിലയില്‍ സ്കൂളിനെ പുന‍ർനിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.

പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനോട് അനുബന്ധിച്ച്‌ വെള്ളാർമല സ്കൂളിൻ്റെ പുനർനിർമ്മാണത്തിലും തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒരു സ്കൂള്‍ നിർമ്മിക്കാൻ മോഹൻലാല്‍ സന്നദ്ധത അറിയിച്ചു. കുട്ടികള്‍ക്ക് പാഠപുസ്തകം, പഠനോപകരണങ്ങള്‍, യൂണിഫോമുകള്‍, വസ്ത്രങ്ങള്‍ എല്ലാം വേണം. ആറാം തീയതി രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യോഗം നടക്കും. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. അവരുടെയെല്ലാം അഭിപ്രായം തേടിയ ശേഷമേ തീരുമാനമെടുക്കൂ. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കേണ്ടതുണ്ട്. ആറാം തീയതി നടക്കുന്ന യോഗത്തില്‍ ടീച്ചർമാരുടെയും നാട്ടുകാരുടെയും അഭിപ്രായം തേടിയ ശേഷം ക്ലാസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group