വയനാട് ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകും: രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും 100 വീടുകൾ വീതം, NSS 150 എണ്ണം വാഗ്ദാനം ചെയ്തു
തിരുവനന്തപുരം: ചൂരൽമല- മുണ്ടക്കെ മേഖലയിലെ പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗൺഷിപ്പ് നിർമിക്കും. അതിനുവേണ്ടി ചർച്ചകൾ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി 100 വീടുകൾ നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തതായി സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഇതിൽ സതീശൻ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉൾപ്പെടും.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ വാഗ്ദാനംചെയ്തു. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകൾ നിർമിച്ചു നൽകും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ്ബ് 50 വീടുകൾ നിർമിച്ചു നൽകും. അത് വർധിച്ചേക്കാം എന്നും പറഞ്ഞിട്ടുണ്ട്.
നാഷണൽ സർവീസ് സ്കീം 150 ഭവനങ്ങൾ അല്ലെങ്കിൽ അത് തുല്യമായ തുക നൽകും. വേൾഡ് മലയാളി കൗൺസിൽ 14 വീടുകൾ നിർമിക്കും. ഫ്രൂട്സ് വാലി ഫാർവേഴ്സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതൽ 15 വരെ കുടുംബങ്ങൾക്ക് നൽകും.
കോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകളും കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയിൽ അഞ്ച് സെൻ്റ് സ്ഥലവും വാഗ്ദാനം ചെയ്തു.