മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് തമിഴ്നാട് അഗ്നി, രക്ഷാ വിഭാഗത്തിന്‍റെ അഞ്ച് ഡോഗ് സ്ക്വാഡുകളെ നിയോ​ഗിച്ചു

Spread the love

കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടരുന്നു. ശനിയാഴ്ച രാവിലെ ഏഴിന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.

തമിഴ്നാട് അഗ്നി, രക്ഷാ വിഭാഗത്തിന്‍റെ അഞ്ച് ഡോഗ് സ്ക്വാഡുകളെയും തെരച്ചിലിന് നിയോഗിച്ചു.

വനാതിർത്തികൾ പങ്കിടുന്ന മേഖലകളിൽ തെരച്ചിലിനായി വനം വകുപ്പ് കൂടുതൽ പേരെ വിന്യസിച്ചു. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദീകരിക്കുന്നത്. ഹ്യുമന്‍ റസ്ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണ പദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ല കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതു അടുക്കളയിലാണ് ക്രമീകരിക്കുന്നത്. അവിടെനിന്നും ജില്ല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയ ഫുഡ് സെന്ററിൽ എത്തിക്കും.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തിരമാണ് നൽകുക. പ്രസ്തുത സാഹചര്യത്തിൽ ദുരന്ത പ്രദേശം ഉൾപ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാൻ ആരും ശ്രമിക്കരുതെന്നും കലക്ടർ അറിയിച്ചു.