
ഇറച്ചിക്കടകൾ ബലമായി അടപ്പിച്ചു; രണ്ട് ഹിന്ദു സേന പ്രവർത്തകർ അറസ്റ്റിൽ
സ്വന്തംലേഖകൻ
കോട്ടയം : ഡൽഹിയിലെ ഗുഡ്ഗാവിൽ ഇറച്ചിക്കട ബലമായി അടപ്പിച്ച രണ്ട് ഹിന്ദു സേന പ്രവർത്തകർ അറസ്റ്റിൽ. ഞായറാഴ്ച നവരാത്രി ഉത്സവത്തോടനുബന്ധിച്ചാണ് ഹിന്ദു സേന പ്രവർത്തകർ മാംസവ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത്. ഹിന്ദുസേന പ്രവർത്തകരായ രാകേഷ്, പ്രമോദ് എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മാംസ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഇവർ കട അടപ്പിക്കുകയായിരുന്നു. ഹിന്ദുസേനയുടെ നാൽപതോളം പ്രവർത്തകരാണ് ഇറച്ചിക്കട അടപ്പിക്കാൻ എത്തിയത്. കട അടച്ചില്ലെങ്കിൽ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് കടയുടമയെ ഇവർ ഭീഷണിപ്പെടുത്തി. വടി, ഹോക്കിസ്റ്റിക്, വടിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവയുമായാണ് ഹിന്ദുസേന പ്രവർത്തകർ കട അടപ്പിക്കാനെത്തിയത്. കഴിഞ്ഞ ദിവസം ഇരുനൂറോളം ഹിന്ദുസേന പ്രവർത്തകർ ഗുഡ്ഗാവിന്റെ വിവിധ ഭാഗങ്ങളിൽ മാർച്ച് നടത്തിയിരുന്നു. ഇവിടങ്ങളിലെ 250 ഇറച്ചിക്കടകൾ ഇവർ അടപ്പിച്ചു.