play-sharp-fill
ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വില്പന ; യുവതി ഉൾപ്പെടെ ആറ് പേർ പൊലീസ് പിടിയിൽ ; ആറര കിലോ കഞ്ചാവും രണ്ട് കാറുകളും കസ്റ്റഡിയിൽ

ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വില്പന ; യുവതി ഉൾപ്പെടെ ആറ് പേർ പൊലീസ് പിടിയിൽ ; ആറര കിലോ കഞ്ചാവും രണ്ട് കാറുകളും കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ആലുവ: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിവന്ന യുവതി ഉൾപ്പെടെ ആറ് പേരെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആറര കിലോ കഞ്ചാവും രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.

തൃശ്ശൂർ പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ് (24), ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പംവീട്ടിൽ സുൽഫത്ത് (20), കിഴക്കമ്പലം പുക്കാട്ടുപടി പാറയിൽ വീട്ടിൽ അമൽ ജോസഫ് (28), എടത്തല കുഴുവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുധി സാബു (24), കുഴിവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുജിത്ത് സാബു (22), തൃശ്ശൂർ കുന്ദംകുളം കരിക്കാട് പുത്തേഴത്തിൽ വീട്ടിൽ അബു താഹിർ (24) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൻ ഏലൂക്കര ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ജിപ്‌സി കാർ പരിശോധിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന മറ്റൊരു കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല. ജിപ്‌സി ഓടിച്ചയാളെയും കൂട്ടി പൊലീസ് സംഘം കാറിനെ സാഹസികമായി പിന്തുടർന്ന് എലൂക്കരയിലെ വീട്ടിലെത്തി. അവിടെ നടത്തിയ പരിശോധനയിലാണ് ആറര കിലോ കഞ്ചാവ് കണ്ടെടുത്തത്. കാറിൽ നിന്നും കുറച്ച് കഞ്ചാവ് ലഭിച്ചു.

കഞ്ചാവ് കടത്തുമ്പോൾ കാറിന്റെ മുൻസീറ്റിൽ സുൽഫത്തിനെ ഇരുത്തും. കുടുംബമായി പോവുകയാണെന്ന ധാരണയിൽ പൊലീസും എക്സൈസും വാഹനം പരിശോധിക്കാതെ കടത്തിവിടും. ഇത് മുതലെടുത്താണ് സംഘം കച്ചവടം കൊഴുപ്പിച്ചിരുന്നത്. ഹബീബിന്റെ ഭാര്യയെന്ന വ്യാജേനയാണ് സുൽഫത്തിനെ കൂടെകൂട്ടിയിരുന്നത്. ഏലൂക്കരയിലെ വാടക വീടിന്റെ ഉടമയോടും ഭാര്യയാണെന്നാണ് പറഞ്ഞിരുന്നത്.

പൊന്നാനി സ്വദേശിയായ ഉടമയ്ക്ക് അഡ്വാൻസ് നൽകി ജിപ്സി വാഹനം കടത്തിക്കൊണ്ടുവന്നതും ഹബീബ് ആയിരുന്നു. ജിപ്സിയുടെ ഉടമക്ക് വാഹനം വാങ്ങാനെത്തിയവർ കഞ്ചാവ് കഞ്ചവടക്കാരാണെന്ന് അറിയില്ലായിരുന്നു. എടത്തലക്കാരായ സുജിത്തും സുധിയും സഹോദരങ്ങളാണ്. ഒരു മാസമായി ഏലൂക്കരയിലെ വാടക വീട്ടിലാണ് പ്രതികളെല്ലാം താമസിച്ചിരുന്നത്. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ കരാർ ജീവനക്കാരാണ്. കൊച്ചിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. സുജിത്ത്, സാബു എന്നിവർക്കെതിരെ വേറെയും കേസുകളുണ്ട്.

ഡിവൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്‌പെക്ടർ വി.ആർ. സുനിൽ, എസ്.ഐമാരായ അരുൺദേവ്, വി.എസ്. പ്രമോദ്, എ.എസ്.ഐമാരായ അബ്ദുൾ റഷീദ്, ജോയി വർഗീസ്, സീനിയർ സി.പി.ഒ മാരായ കെ.എസ്. സ്‌നേഹലത, ആർ. രതീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികുടിയത്. പ്രതികളെ ആലുവ കോടതിയിൽ ഹാജരാക്കി.