play-sharp-fill
ജയിക്കാൻ ഒരു റൺ, തുടർച്ചയായ പന്തുകളിൽ ദുബെയും അർഷ്ദീപും പുറത്ത്; ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പര; ഇന്ത്യയുടെ ആദ്യ ഏകദിനം സമനിലയിൽ

ജയിക്കാൻ ഒരു റൺ, തുടർച്ചയായ പന്തുകളിൽ ദുബെയും അർഷ്ദീപും പുറത്ത്; ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പര; ഇന്ത്യയുടെ ആദ്യ ഏകദിനം സമനിലയിൽ

സ്വന്തം ലേഖകൻ

കൊളംബൊ: ശ്രീലങ്ക – ഇന്ത്യ ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യക്ക് 47.5 ഓവറില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു.

58 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ (33), കെ എല്‍ രാഹുല്‍ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ദുനിത് വെല്ലാലഗെ (67), പതും നിസ്സങ്ക (56) എന്നിവരുടെ ഇന്നിംഗ്്‌സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ (16) സഖ്യം 75 റണ്‍സ് ചേര്‍ത്തു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നന്നായി ബുദ്ധിമുട്ടിയ ഗില്ലാണ് ആദ്യം മടങ്ങുന്നത്. താരത്തെ വെല്ലാലഗെ പുറത്താക്കി. പിന്നാലെ രോഹിത്തും സ്ഥാനക്കയറ്റം നേടിയെത്തിയ വാഷിംഗ്ടണ്‍ സുന്ദറും (5) മടങ്ങി. ഇതോടെ മൂന്നിന് 87 എന്ന നിലയിലായി ഇന്ത്യ. വിരാട് കോലി (24), ശ്രേയസ് അയ്യര്‍ (23) എന്നിവര്‍ അല്‍പനേരം പിടിച്ചുനിന്നെങ്കിലും ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തി. കോലിയെ ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കി. ശ്രേയസ്, അശിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡായി.

തുടര്‍ന്ന് കെ എല്‍ രാഹുല്‍ – അക്‌സര്‍ പട്ടേല്‍ സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 57 റണ്‍സ് കൂട്ടിചേര്‍ത്തു. അപ്പോള്‍ ഇന്ത്യക്ക് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ രാഹുലിനെ പുറത്താക്കി ഹസരങ്ക ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ അക്‌സറും മടങ്ങി. പിന്നാലെയെത്തിയ കുല്‍ദീപ് യാദവിന് (2) തിളങ്ങാനായില്ല. പിന്നീട് ദുബെ സിക്‌സും ഫോറും നേടി സ്‌കോര്‍ ഒപ്പമെത്തിച്ചു. വിജയമുറപ്പിച്ചിരിക്കെ ദുബെയേയും അര്‍ഷ്ദീപ് സിംഗിനേയും അസലങ്ക അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി.

നേരത്തെ, മോശമായിരുന്നു ലങ്കയുടെ തുടക്കം. 15 ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ലങ്കയ്ക്ക് അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. സധീര സമരവിക്രമയ്ക്കും (8) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇതോടെ മൂന്നിന് 60 എന്ന നിലയിലായി ശ്രീലങ്ക. പിന്നീട് അഞ്ചാം വിക്കറ്റില്‍ നിസ്സങ്ക – ചരിത് അസലങ്ക (14) സഖ്യം 31 റണ്‍സ് കൂട്ടിേചര്‍ത്തു.

കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്ന് തോന്നിക്കെ അസലങ്കയെ കുല്‍ദീപ് യാദവ് മടക്കി. ജനിത് ലിയാങ്കെ (20) നിരാശപ്പെടുത്തിയതിനൊപ്പം നിസ്സങ്കയും മടങ്ങിയതോടെ ആറിന് 142 എന്ന നിലയിലായി. വാനിന്ദു ഹസരങ്കയ്ക്കും (24) അധിക നേരം പിടിച്ചുനില്‍ക്കായില്ല. അകില ധനഞ്ജയയാണ് (17) പുറത്തായ മറ്റൊരു താരം. മുഹമ്മദ് ഷിറാസ്, ദുനിതിനൊപ്പം പുറത്താവാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ദുനിതിന്റെ ഇന്നിംഗ്സ്.