ഗതാഗത ഉപദേശക സമിതിയുടെ തീരുമാനങ്ങൾ കാറ്റിൽ പറത്തി മോട്ടോര്‍വാഹനവകുപ്പ് ; പാലാ കുരിശുപള്ളി ജംഗ്ഷനില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിന് അനുവാദം കൊടുത്തിട്ടും മോട്ടോര്‍വാഹനവകുപ്പ് നല്‍കുന്നത് എട്ടിന്റെ പണി ; അനധികൃത പിഴയീടാക്കലിനെതിരെ നഗരസഭ കൗണ്‍സില്‍ യോഗത്തിലും ആക്ഷേപം
സ്വന്തം ലേഖകൻ
പാലാ: മോട്ടോർ വാഹനവകുപ്പ് അധികാരികളേ ഇത് ശരിയല്ല. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനപ്രകാരം നിശ്ചയിച്ച സ്ഥലങ്ങളില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നിങ്ങള്‍ പിഴ ഈടാക്കരുത്.
കുരിശുപള്ളി ജംഗ്ഷനില്‍ നിന്ന് രാമപുരം റൂട്ടില്‍ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് മുൻവശം വരെയും, കുരിശുപള്ളി ജംഗ്ഷനില്‍ നിന്ന് സെന്റ് മേരീസ് സ്‌കൂള്‍ റോഡിന് ഇടതുവശവും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിന് ഗതാഗത ഉപദേശക സമിതി അനുവാദം കൊടുത്തിട്ടുള്ളതാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ ഭാഗങ്ങളില്‍ ഇടതുവശത്ത് പാർക്ക് ചെയ്ത വിവിധ വാഹനങ്ങളുടെ ചിത്രം മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം എടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരില്‍ നിന്നെല്ലാം പിഴ ഈടാക്കാനുള്ള നടപടികളും ആരംഭിച്ചു. ഇടതുവശത്ത് വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ഗതാഗത ഉപദേശക സമിതി തീരുമാനത്തിന്റെ പത്രവാർത്തകള്‍ സഹിതം പലരും സാമൂഹ്യമാദ്ധ്യമങ്ങളില്‍ മേട്ടോർവാഹന വകുപ്പിന്റെ അനധികൃത പിഴയീടാക്കലിനെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചതോടെയാണ് സംഭവം പുറത്തായത്.
പ്രശ്‌നം നഗരസഭ കൗണ്‍സില്‍ യോഗത്തിലും
അനുവദിച്ച സ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളില്‍ നിന്നും മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കുന്നുണ്ടെന്ന് ഇന്നലെ ചേർന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അഡ്വ. ബിനു പുളിക്കക്കണ്ടം ആക്ഷേപമുന്നയിച്ചു. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം മേട്ടോർ വാഹനവകുപ്പിനെ നേരത്തെ അറിയിച്ചതാണെന്നും വീണ്ടും അവർ പിഴ ഈടാക്കുന്നുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാവുന്നതാണെന്നും ചെയർമാൻ ഷാജു വി. തുരുത്തൻ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
തീരുമാനം ഞങ്ങള്‍ക്കറിവില്ല എം.വി.ഡി. അധികൃതർ
ഗതാഗത ഉപദേശക സമിതി യോഗത്തിലെടുത്ത തീരുമാനത്തെക്കുറിച്ച് തങ്ങള്‍ക്കറിവില്ലെന്ന് മേട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതർ പറഞ്ഞു. രാമപുരം റോഡില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതുമൂലം കാല്‍നടയാത്രക്കാർ പലപ്പോഴും റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥ വരുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ പരിശോധന നടത്തുകയും പിഴ ഈടാക്കുകയും ചെയ്തതെന്നും മേട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.