ശാസ്ത്രജ്ഞർ ‘ഫീല്‍ഡ് വിസിറ്റ്’ നടത്തരുത് ; പഠനം നടത്താൻ മുൻകൂർ അനുമതി വാങ്ങണം ; വിചിത്ര നിർദേശമിറക്കി റവന്യൂ വകുപ്പ്
സ്വന്തം ലേഖകൻ
വയനാട്ടിലെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വിചിത്ര നിർദേശമിറക്കി സംസ്ഥാന റവന്യൂ വകുപ്പ്. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരോ, സാങ്കേതിക വിദഗ്ധരോ വയനാട്ടിലെ ദുരന്തബാധിച്ച പ്രദേശങ്ങള്‍ സന്ദർശിക്കരുത്, ഒരു പഠനവും നടത്തരുത് എന്നാണ് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിൻ്റെ നിർദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയും ടിങ്കു ബിസ്വാളിനാണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശാസ്ത്രജ്ഞർ അവിടേക്ക് ‘ഫീല്‍ഡ് വിസിറ്റ്’ നടത്തരുത് എന്നാണ് നിർദേശം. പഠനം നടത്താൻ മുൻകൂർ അനുമതി വാങ്ങണം. മാധ്യമങ്ങളോട് ഒരു വിവരവും പങ്കുവയ്ക്കരുത്. പഠന റിപ്പോട്ടുകളോ വിവരങ്ങളോ കൈമാറുകയും ചെയ്യരുതെന്നും രേഖാമൂലം ഇറക്കിയ നിർദേശത്തില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളിതുവരെ ഒരു ദുരന്തകാലത്തും ഉണ്ടാകാത്ത വിധമുള്ള ഈ നിയന്ത്രണങ്ങളുടെ കാരണം വ്യക്തമല്ല. മാധ്യമങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകാറുണ്ടെങ്കിലും ഇങ്ങനെ രേഖാമൂലം രേഖാമൂലം നിർദേശം ഇറക്കുന്ന പതിവില്ല. പഠനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ശാസ്ത്രജ്ഞരെ വിലക്കുന്നത് പോലെ ഒട്ടും യുക്തിസഹമല്ലാത്ത ഇടപെടലിൻ്റെ കാരണത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്കും ധാരണയില്ല.
ദുരന്തസാധ്യത മുൻകൂട്ടി അറിയിച്ചിരുന്നു എന്ന കേന്ദ്രത്തിൻ്റെ വെളിപ്പെടുത്തലും മുഖ്യമന്ത്രിയുടെ മറുപടിയും ഇന്നലെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തെ ഇപ്പോഴത്തെ നിർദേശവുമായി കൂട്ടിവായിക്കുന്നവരുണ്ട്. ഏതെങ്കിലും തരത്തില്‍ സംസ്ഥാന സർക്കാരിൻ്റെ വീഴ്ച ആരോപിക്കാവുന്ന വസ്തുതകളൊന്നും ചർച്ചയാകരുത് എന്ന താല്‍പര്യം ഇതിന് പിന്നില്‍ ഉണ്ടാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.