
തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദനമമേറ്റ ഏഴുവയസുകാരൻ മരണത്തിനു കീഴടങ്ങി: കുട്ടിയെ കൊലപ്പെടുത്തിയ കോബ്രാ അരുണിനെതിരെ കൊലക്കുറ്റം ചുമത്തും: കുട്ടിയുടെ പോസ്റ്റ്മാർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
സ്വന്തം ലേഖകൻ
എറണാകുളം: പത്തു ദിവസം നീണ്ടു നിന്ന പ്രാർത്ഥനകളും പരിശ്രമങ്ങളും ഒടുവിൽ വിഫലമായി. തൊടുപുഴയിൽ രണ്ടാനച്ഛനായ കോബ്രാ അരുണിന്റെ ക്രൂര മർദനത്തിന് ഇരയായ കുട്ടി പത്താം ദിവസം മരണത്തിനു കീഴടങ്ങി. പത്തു ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മരണം ശനിയാഴ്ച ഉച്ചയ്ക്ക് 11.45 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു. കുട്ടി മരിച്ചതോടെ ഗുണ്ടാ നേതാവ് കോബ്രാ അരുണിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ഉറപ്പായി. കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ മൃതദേഹം ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മാർട്ട് ചെയ്യും. തുടർന്നാവും നടപടികൾ സ്വീകരിക്കുക.
കഴിഞ്ഞ മാസമാണ് രണ്ടാനച്ഛനായ അരുൺ വീട്ടിലെത്തി കുട്ടിയെ അതിക്രൂരമായി മർദിച്ചത്. ഇളയ കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത അരുൺ, കുട്ടിയെ പുറത്തു കൊണ്ടു മൂത്രമൊഴിപ്പിച്ചില്ലെന്നാരോപിച്ചാണ് ക്രൂരമായി മർദിച്ചത്. കാലിൽപിടിച്ച് കുട്ടിയെ തറയിലും, കട്ടിലിന്റെ വശങ്ങളിലും അടിച്ചു. തലയോടിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുട്ടിയ്ക്ക് പൊട്ടലുണ്ടാകുകയും ചെയ്തു. തുടർന്ന് രാത്രി തന്നെ അരുണും ഭാര്യയും ചേർന്ന് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടി വീണതാണെന്നാണ് ഇരുവരും ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ, സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് അരുണിന്റെ കൊടും കൂരതകൾ പുറം ലോകം അറിഞ്ഞത്.