കടയുടെ മുന്നില്‍ മദ്യപിച്ച്‌ കിടന്നുറങ്ങി, ചോദ്യംചെയ്ത കെട്ടിട ഉടമക്ക് ക്രൂരമർദനം ; തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

എറണാകുളം : രാത്രി കടയുടെ മുന്നില്‍ മദ്യപിച്ച്‌ കിടന്നുറങ്ങിയത് ചോദ്യംചെയ്ത കെട്ടിട ഉടമക്ക് ക്രൂരമർദനം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച്‌ റോഡില്‍ കനാകാത്ത് വീട്ടില്‍ ജോജി ഫ്രാൻസിസിനെ (52) മർദിച്ച തഞ്ചാവൂർ സ്വദേശി ശക്തിവേലാണ് (43) പിടിയിലായത്.

തലക്കും കണ്ണിനും ഗുരുതര പരിക്കേറ്റ ജോജി കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പത്തരയോടെ കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച്‌ റോഡിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തിന്റെ ഉടമയാണ് ജോജി. കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ശക്തിവേലിനെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് മർദനത്തില്‍ കലാശിച്ചത്. കലൂരും പരിസരത്തും അലഞ്ഞുനടക്കുന്നയാളാണ് ശക്തിവേല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയിണയായി വെച്ചിരുന്ന ഹാൻഡ് ബാഗ് എടുത്തുമാറ്റിയതോടെ അക്രമാസക്തനായ ശക്തിവേല്‍ ജോജിയെ ആക്രമിക്കുകയായിരുന്നു. തല ടൈലിലേക്ക് ഇടിപ്പിച്ചതോടെ ജോജി ബോധരഹിതനായി. പിന്നാലെ ശക്തിവേല്‍ സ്ഥലംവിട്ടു. വഴിയാത്രക്കാരാണ് ജോജിയെ ആശുപത്രിയിലെത്തിച്ചത്. ജോജിയുടെ സഹോദരനാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

നോർത്ത് സി.ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന ശക്തിവേലിനെ അറസ്റ്റ് ചെയ്തു. സി.സി ടി.വി ദൃശ്യമാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.