play-sharp-fill
കടലാസ് മുദ്രപ്പത്രങ്ങൾ ഒഴിവാക്കുന്നു, ആധാരങ്ങളുടെ രജിസ്‌ട്രേഷൻ ഇനി വേ​ഗത്തിൽ, സംസ്ഥാനത്ത് രജിസ്‌ട്രേഷൻ വകുപ്പിന്റെ ടെംപ്‌ളേറ്റ് സംവിധാനം വരുന്നു; സംസ്ഥാനത്തെ 315 സബ് റജിസ്ട്രാർ ഓഫീസുകളും പുതിയ സംവിധാനത്തിനായി സജ്ജം

കടലാസ് മുദ്രപ്പത്രങ്ങൾ ഒഴിവാക്കുന്നു, ആധാരങ്ങളുടെ രജിസ്‌ട്രേഷൻ ഇനി വേ​ഗത്തിൽ, സംസ്ഥാനത്ത് രജിസ്‌ട്രേഷൻ വകുപ്പിന്റെ ടെംപ്‌ളേറ്റ് സംവിധാനം വരുന്നു; സംസ്ഥാനത്തെ 315 സബ് റജിസ്ട്രാർ ഓഫീസുകളും പുതിയ സംവിധാനത്തിനായി സജ്ജം

തിരുവനന്തപുരം: ആധാരങ്ങളുടെ രജിസ്‌ട്രേഷൻ ലളിതമായും വേഗത്തിലും നിർവഹിക്കാൻ രജിസ്‌ട്രേഷൻ വകുപ്പിന്റെ ടെംപ്‌ളേറ്റ് സംവിധാനം.

ടെംപ്‌ളേറ്റ് വരുന്നതോടെ കടലാസ് മുദ്രപ്പത്രങ്ങള്‍ ഇല്ലാതാവും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ‌ തീരുമാനം വൈകാതെയുണ്ടാകുമെന്നാണു വിവരം. ആധാരങ്ങളുടെ രജിസ്ട്രേഷൻ ടെംപ്ലേറ്റ് സംവിധാനത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.

ആധാരങ്ങളില്‍ രേഖപ്പെടുത്തേണ്ട വിവരങ്ങളെല്ലാം നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ കൃത്യതയോടെ ചേർത്തു നല്‍കുന്നതാണ് ടെംപ്ലേറ്റിന്റെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധാരം ചെയ്യുന്ന കക്ഷിയുടെ പേര്, വസ്തുവിന്റെ വിശദാംശങ്ങള്‍, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍, വസ്തുവിന്റെ മുൻചരിത്രം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തി പ്രത്യേക കോളങ്ങളുണ്ടാവും. ഇതല്ലാതെ അധിക വിവരങ്ങളുണ്ടെങ്കില്‍ അതു രേഖപ്പെടുത്താൻ പ്രത്യേക സ്ഥലവുമുണ്ടാവും. ഇഷ്ട ദാനം, ഭാഗപത്രം ഉള്‍പ്പെടെയുള്ളവ ഈ ഭാഗത്ത് രേഖപ്പെടുത്താം.

ഇതെല്ലാം ചേർത്ത് ഓണ്‍ലൈൻ മുഖേന സബ് റജിസ്ട്രാർക്ക് സമർപ്പിച്ച്‌ ഇ-സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷൻ ഫീസും ഒടുക്കിയാല്‍ റജിസ്‌ട്രേഷൻ നടപടികള്‍ പൂർത്തിയാവും. ആധാരമെഴുത്തുകാർ മുഖേനയാവും ഇതെല്ലാം നടപ്പാക്കുക.

ടെംപ്ലേറ്റ് റജിസ്ട്രേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആധാരമെഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ചനടത്തും. പല തരത്തിലുള്ള ആധാര മാതൃകകളാണ് ഇപ്പോഴുള്ളത്. അവ അപര്യാപ്തമായതിനാല്‍ ടെംപ്ലേറ്റിലേക്ക് വരുമ്പോള്‍ മാതൃകകളുടെ എണ്ണം കൂടും.

നാഷനല്‍ ഇൻഫോർമാറ്റിക്സ് സെന്ററാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. സംസ്ഥാനത്തെ 315 സബ് റജിസ്ട്രാർ ഓഫിസുകളിലും ഇതിനുള്ള വെബ് ക്യാമറകളും വിരലടയാളം രേഖപ്പെടുത്താനുള്ള ബയോമെട്രിക് സംവിധാനങ്ങളും സജ്ജമാക്കിയതായാണ് വിവരം. ഇതിനായി രണ്ടരക്കോടിയോളം രൂപയാണ് സർക്കാർ‌ ചെലവഴിച്ചത്.