
കോട്ടയം: കൊടും ക്രിമിനലുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ പോരാട്ടങ്ങളുടെ ഏഴരവർഷം. കോടതിമുറിയിൽ വിജയങ്ങളുടെ ചരിത്രമെഴുതി ജില്ലാ കോടതിയിലെ ആദ്യ വനിതാ പബ്ലിക് പ്രോസിക്യൂട്ടർ കൂടിയായ അഡ്വ. ഗിരിജാ ബിജു പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങി.
നാട് ഏറെ ചർച്ചയാക്കിയ കേസുകളിൽ കാലതാമസമില്ലാതെ പ്രതികൾക്ക് ശിക്ഷയുറപ്പാക്കുന്നതിൽ അഡ്വ. ഗിരിജാ ബിജു കാണിച്ച സാമർഥ്യം എടുത്തു പറയേണ്ടതാണ്.
ജില്ലാ കോടതിയിലെ ആദ്യ വനിതാ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ഗിരിജ ബിജു 2017ലാണ് ചുമതലയേൽക്കുന്നത്. കുപ്രസിദ്ധ ഗുണ്ട ആഷ്ലി സോമൻ പ്രതിയായ കൊലക്കേസായിരുന്നു അഡ്വ. ഗിരിജാ ബിജു വാദിച്ച ആദ്യത്തെ പ്രധാന ക്രിമിനൽ കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ കേസിൽ തന്നെ പ്രതിക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ ഗിരിജക്ക് കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിന് സമീപം നാട്ടുകാർക്കും രോഗികൾക്കും ശല്യമായി പ്രവർത്തിച്ചിരുന്ന ഭക്ഷണശാലക്കെതിരെ വർഷങ്ങളായി നിലനിന്ന കേസ് മെഡിക്കൽ കോളജിനനുകൂലമായി തീർപ്പാക്കിയത് അഡ്വ ഗിരിജ ബിജുവിന് ഏറെ പ്രശംസ നേടിക്കൊടുത്തു.
നാടിനെ വിറപ്പിച്ച നിരവധി കൊലപാതക കേസ്സുകളിലും, ബലാൽസംഗകേസുകളിലും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പാക്കുന്നതിന് ഗിരിജാ ബിജുവിന് സാധിച്ചു.
1) ആദ്യ ക്രിമിനൽ കേസ്സ് :- കുപ്രസിദ്ധ ഗുണ്ട ആഷ്ലി സോമൻ അയൽവാസിയായ കുമാറിനെ ഭാര്യയുടേയും, മകളുടേയും മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസ്സ് – പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്
2)ആദ്യ സിവിൽ കേസ്സ് : കോട്ടയം മെഡിക്കൽ കോളേജിനു സമീപം നാട്ടുകാർക്കും രോഗികൾക്കും, പൊതുജനങ്ങൾക്കും ശല്യമായ പ്രവർത്തിച്ചിരുന്ന കാൻ്റീനെതിരെ വർഷങ്ങളായി നിലനിന്നിരുന്ന സിവിൽ കേസ് മെഡിക്കൽ കോളേജിന് അനുകൂലമായി തീർപ്പാക്കി.
3) ലൈംഗികത്തൊഴിലാളിയായ ശാലുവിനെ മറ്റൊരു ലൈംഗീകത്തൊഴിലാളിയായ രാധ ആസിഡ് കുടിപ്പിച്ച് കൊന്ന കേസ് . പ്രതിക്ക് ഇരട്ട ജീവപര്യന്തം.
4) അയർക്കുന്നത്ത് ക്ലബ്ബിലെ ഓണാഘോഷ പരിപാടികൾക്കിടെ ബാബു എന്നയാൾ മറ്റൊരാളെ കുത്തിക്കൊന്ന കേസ്സ് – പ്രതിക്ക് ജീവപര്യന്തം തടവ് ലഭിച്ചു.
5) എസ് എച്ച് മൗണ്ടിൽ ഹോം നേഴ്സിംഗ് ഏജൻസി നടത്തിയിരുന്ന ശ്രീകല മോഹനും മറ്റ് നാലു പേരും ചേർന്ന് മിമിക്രി താരവും ടിവി ആർട്ടിസ്റ്റുമായ ലെനീഷിനെ ആസിഡ് കുടിപ്പിച്ചും, കമ്പിവടിക്കടിച്ചും കൊന്ന കേസ് – പ്രതികൾക്ക് ജീവ പര്യന്തം തടവ്
6) കോട്ടയം കഞ്ഞിക്കുഴിയിലെ Hobnob Hotel – ൽ വെച്ച് സ്റ്റാൻലി എന്നയാൾ മറ്റൊരാളെ കുത്തിക്കൊന്ന കേസ്സ് – പ്രതിക്ക് ജീവപര്യന്തം തടവ്
7) നാഗമ്പടം ബസ് സ്റ്റാൻഡിൽ ജോമോൻ എന്നയാൾ മറ്റൊരാളെ കല്ല് കൊണ്ട് തലക്കടിച്ചു കൊന്ന കേസ്സ്. പ്രതിക്ക് ജീവപര്യന്തം തടവ്
8) പള്ളിക്കത്തോട്ടിൽ രാജേഷ് എന്നയാൾ ഭാര്യ ബിന്ദുവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്നകേസ്. പ്രതിക്ക് ജീവപര്യന്തം തടവ്
9) ഏറ്റുമാനൂരിൽ നാടോടി സ്ത്രീ സെൽവിയെ കൂടെ താമസിച്ചയാൾ പട്ടിക കൊണ്ടടിച്ചു കൊന്ന കേസ്. പ്രതിക്ക് ജീവപര്യന്തം തടവ്
10) പാറോലിക്കൽ ജയം സ്റ്റോൺസ് എന്ന സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളിയെ മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി ശശികുമാർ നായിക്ക് (ഒറീസ സ്വദേശി) കുത്തിക്കൊന്ന കേസ്. പ്രതിക്ക് ജീവപര്യന്തം തടവ്
11) ഈരാറ്റു പേട്ടയിൽ ആക്രിക്കടയിലെ ജോലിക്കാരനായ പശ്ചിമബംഗാൾ സ്വദേശിയായ കേശബ്ദാസിനെ അതേ കടയിലെ ജോലിക്കാരനായ മൈമൂൺ കുത്തിക്കൊന്ന കേസ് . പ്രതിക്ക് ജീവപര്യന്തം തടവ്
12) രാമചന്ദ്രൻ എന്നയാൾ വിവാഹ വാഗ്‌ദാനം നൽകി കോട്ടയം സ്വദേശിയായ പെൺകുട്ടിയെ ബലാൽത്സഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് (ബലാസംഗ കേസുകളിൽ ജീവപര്യന്തം അപൂർവ്വം)7
13) മകൻ സ്വന്തം അമ്മയെ രാത്രിമുഴുവൻ ഭീഷണിപ്പെടുത്തി ബലാസംഗം ചെയ്ത കേസ്സ് – പ്രതിക്ക് ജീവപര്യന്തം തടവ്
14) മണിമലയിൽ 1500/- രൂപക്കു വേണ്ടി വൃദ്ധനായ കുഞ്ഞച്ചൻ എന്നയാളെ വിസൺ എന്നയാൾ കൊലപ്പെടുത്തിയ കേസ്. പ്രതിക്ക് ജീവപര്യന്തം തടവ്
15) കറുകച്ചാലിൽ 19 വയസുകാരിയായ ഭാര്യയെ ഭർത്താവ് സുബിൻ എന്നയാൾ അടിച്ചു കൊലപ്പെടുത്തിയ കേസ് – പ്രതിക്ക് ജീവപര്യന്തം തടവ്.
16) കടുത്തുരുത്തിയിൽ ജേഷ്‌ഠനെ അനുജൻ കട്ടത്തടിയും, കമ്പിവടിയും ഉപയോഗിച്ച് തലക്കടിച്ചു കൊന്ന കേസ്- പ്രതിക്ക് ജീവപര്യന്തം തടവ്
17) പാല ബിഷപ്പിൻ്റെ Scorpio Car മോഷ്‌ടിച്ച ശേഷം ഡ്രൈവറായ ബാലകൃഷ്ണനെ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്തു കൊണ്ടു പോയി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് – പ്രതികൾക്ക് 20 വർഷം കഠിന തടവ്. കോട്ടയം ജില്ലാ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. ഗിരിജാ ബിജുവിൻ്റെ വിജയങ്ങളുടെ കണക്ക് ഇങ്ങനെ നീണ്ടു പോകുന്നു.
കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശിനിയാണ് ഗിരിജ. കാലിക്കറ്റ് ലോ കോളേജ് യൂണിയൻ വൈസ്‌ചെയർ പേഴ്‌സണായിരുന്നു. നിലവിൽ സിപിഐ എം ബ്രാഞ്ചംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവുമാണ്. എറണാകുളം ഗവ. ലോ കോളേജിൽ ഗവേഷണ വിദ്യാർഥി കൂടിയാണ് അഡ്വ. ഗിരിജ ബിജു. പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞെങ്കിലും കോട്ടയത്ത് അഭിഭാഷകയായി തുടരും.
ഭർത്താവ് അഡ്വ. കെ കെ ബിജു. മക്കൾ: ഡോ. അർജുൻ ബിജു, ശരൺ ബിജു.