play-sharp-fill
‘ബോഡി ഷെയ്മിംഗും മാനസിക പീഡനവും’; ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി, ആത്മഹത്യയ്ക്ക് കാരണം സഹപ്രവർത്തകരുടെ പീഡനമെന്ന് കുറിപ്പ്

‘ബോഡി ഷെയ്മിംഗും മാനസിക പീഡനവും’; ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി, ആത്മഹത്യയ്ക്ക് കാരണം സഹപ്രവർത്തകരുടെ പീഡനമെന്ന് കുറിപ്പ്

ബാങ്ക് ഉദ്യോഗസ്ഥയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജോലി സ്ഥലത്ത് ആറ് മാസത്തോളമായുള്ള മാനസിക പീഡനത്തിനും ബോഡി ഷെയ്മിംഗിനും പിന്നാലെയാണ് 27കാരിയായ ശിവാനി ത്യാഗി ജീവനൊടുക്കിയതെന്നാണ് പരാതി.

ആക്‌സിസ് ബാങ്കിൻ്റെ നോയിഡ ശാഖയില്‍ റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ശിവാനി ത്യാഗി. ഗാസിയാബാദിലെ വീട്ടിലാണ് ശിവാനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


 

ശിവാനി ജോലിസ്ഥലത്ത് വെച്ച്‌ ബോഡി ഷെയിമിംഗും മാനസിക പീഡനവും നേരിട്ടതായി തോന്നുന്നുവെന്ന് ഗാസിയാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു. ജീവനൊടുക്കും മുൻപ് ശിവാനി എഴുതിയ കുറിപ്പ് അവരുടെ മുറിയില്‍ നിന്ന് കണ്ടെത്തി. അതില്‍ താൻ നേരിട്ട അപമാനം ശിവാനി വിശദീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പേരുകള്‍ ആ കുറിപ്പില്‍ പരാമർശിച്ചിട്ടുണ്ട്. ആ അഞ്ച് പേർക്കും വധശിക്ഷ നല്‍കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി സ്ഥലത്തെ ദുരനുഭവം ആദ്യം ശിവാനി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സഹിക്കാനാകാതെ വന്നപ്പോഴാണ് ശിവാനി എല്ലാം തുറന്നുപറഞ്ഞതെന്ന് വീട്ടുകാർ പറയുന്നു. ശിവാനിയുടെ വസ്ത്രധാരണത്തെയും ഭക്ഷണ ശീലത്തെയും സംസാരിക്കുന്ന രീതിയെയുമെല്ലാം സഹപ്രവർത്തകർ കളിയാക്കിയിരുന്നുവെന്ന്

സഹോദരൻ ഗൗരവ് ത്യാഗി എൻഡിടിവിയോട് പറഞ്ഞു.ഒരിക്കല്‍ സഹപ്രവർത്തക ശിവാനിയെ ആക്രമിച്ചെന്നും അന്ന് ശിവാനി തിരിച്ചടിച്ചെന്നും ഗൌരവ് പറഞ്ഞു.

 

“അവള്‍ പലതവണ രാജിവയ്ക്കാൻ ശ്രമിച്ചു. എന്നാല്‍ ഓരോ തവണയും അത് നിരസിക്കാൻ സ്ഥാപനം ഓരോ ഒഴിവുകഴിവ് കണ്ടെത്തി”- സഹോദരൻ പറഞ്ഞു. എന്നാല്‍ സഹപ്രവർത്തക ശാരീരികമായി ആക്രമിച്ച സംഭവത്തിനു പിന്നാലെ ശിവാനിക്ക് ടെർമിനേഷൻ നോട്ടീസ് ലഭിച്ചതായും സഹോദരൻ പറഞ്ഞു. ജോലിസ്ഥലത്ത് നേരിട്ട പീഡനത്തെ കുറിച്ച്‌ പലതവണ പരാതിപ്പെട്ടിട്ടും സഹപ്രവർത്തകർക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്ന് കുടുംബം പറയുന്നു.ശിവാനിയുടെ മരണത്തിന് പിന്നാലെ സഹോദരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

ദുഖകരവും ദൌർഭാഗ്യകരവും എന്നാണ് ആക്സിസ് ബാങ്കിന്‍റെ വിശദീകരണം.ശിവാനി ആക്സിസ് ബാങ്ക് നേരിട്ട് നിയമിച്ച ജീവനക്കാരി അല്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ക്വെസ് (ക്യുഇഎസ്‌എസ്) കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാരിയായിരുന്നുവെന്നും ആക്സിസ് ബാങ്കിനായി ടെലി കോളറായി ജോലി ചെയ്യുകയായിരുന്നുവെന്നും ബാങ്ക് വിശദീകരിച്ചു.തങ്ങളുടെ നോയിഡ ഓഫീസിലെ ഈ ജീവനക്കാരിയും മറ്റൊരു ക്യുഇഎസ്‌എസ് കോർപ് ജീവനക്കാരനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നാണ് പ്രഥമികമായി മനസ്സിലാക്കുന്നതെന്നും ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ആക്സിസ് ബാങ്ക് വ്യക്തമാക്കി.