പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാത്ത വീടുകള്‍ക്ക് പിഴ നോട്ടീസ്; അടിയന്തര നടപടി ; കണ്ടെത്തിയത് 312 നിയമലംഘനങ്ങൾ ; ജൂണില്‍ 4.57 ലക്ഷവും ജൂലൈയില്‍ 4.97 ലക്ഷം രൂപ പിഴയും ഈടാക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവം വിവാദമായതിനു പിന്നാലെ നടപടികള്‍ കര്‍ശനമാക്കി തിരുവനന്തപുരം കോര്‍പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാന്‍ തയ്യാറാകാത്ത വീടുകള്‍ക്ക് അടിയന്തരമായി പിഴ നോട്ടീസ് നൽകും. മാലിന്യ നിർമാർജ്ജനം 100 ശതമാനത്തിലെത്തിയാല്‍ മാത്രമേ നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനാകൂവെന്നാണ് നഗരസഭയുടെ കണ്ടെത്തൽ.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് 2024 മാര്‍ച്ച് മുതല്‍ ജൂലൈ 15 വരെ 14.99 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 312 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജൂണില്‍ 4.57 ലക്ഷവും ജൂലൈയില്‍ 4.97 ലക്ഷം രൂപ പിഴയും ഈടാക്കി. പല തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത് 82 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ കഴിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് 100 ശതമാനത്തിലെത്തിയാല്‍ മാത്രമേ നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനാകൂവെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. ഹരിതകര്‍മ്മസേനയുമായി സഹകരിക്കാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങള്‍ നല്‍കാതിരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കേരളാ മുനിസിപ്പാലിറ്റി നിയമപ്രകാരം സ്വീകരിക്കരിക്കാൻ കഴിയും.
അതേസമയം ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കൂടുതലായി വിതരണം ചെയ്യാനും നഗരസഭ ആലോചിക്കുന്നുണ്ട്. ഖര, ദ്രവ മാലിന്യസംസ്‌കരണ പദ്ധതികള്‍ സംബന്ധിച്ച് റെയില്‍വെ ഉന്നയിച്ച അവകാശവാദങ്ങള്‍ ശരിയാണോ എന്നുറപ്പിക്കാനും റെയിൽവെയുടെ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. മാലിന്യസംസ്‌കരണ സംവിധാനം ഇല്ലെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
റെയില്‍വേയുടെ വളപ്പില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുക എന്നത് നിയമപരമായി അവരുടെ ഉത്തരവാദിത്തമാണ്. പ്ലാറ്റ്‌ഫോമും ട്രെയിനും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം കനാലുകളിലേക്ക് തുറന്നുവിടാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.