ആള്‍ക്കൂട്ടത്തെ തനിച്ചാക്കിയിട്ട് ഒരാണ്ട്..! വേര്‍പാടിന്‍റെ മുറിവില്‍ നോവേറുന്നൊരു ഓര്‍മ്മ; ‘ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു’; മരണംകൊണ്ട് മുറിവേറ്റവര്‍ ഹൃദയം കൊണ്ട് എഴുതിവച്ച വാക്കുകൾ; ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ചരമവാർഷിക പരിപാടികളുമായി അണികളും

Spread the love

കോട്ടയം: ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം.

പ്രിയ നേതാവ് കൂടെയില്ലെന്ന് ഇപ്പോഴും ആർക്കും വിശ്വസിക്കാനാകുന്നില്ല.
വേര്‍പാടിന്‍റെ മുറിവില്‍ നോവേറുന്നൊരു ഓര്‍മ്മയാണിന്നും ഉമ്മന്‍ചാണ്ടി. വിട്ടുപോയൊരു കരുതലിന്‍റെ കൈത്തലമാണ് ഒ സി. ഹൃദയംകൊണ്ട് ബന്ധിക്കപ്പെട്ടവര്‍ വിലാപങ്ങളില്‍ കണ്ണിചേര്‍ന്ന് രാവും പകലുമായി നല്‍കിയ വിടപറച്ചിലിന് രാഷ്ട്രീയ കേരളത്തില്‍ സമാനതകളില്ല.

പകരമൊരാളില്ലെന്ന തോന്നലാണ് ഉമ്മന്‍ചാണ്ടിയുടെ മരണം ബാക്കിവയ്ക്കുന്ന വിടവ്. പൊതുപ്രവര്‍ത്തനത്തിന്‍റെ എല്ലാകാലത്തും ആത്മബന്ധത്തിന്‍റെ നൂലുകൊണ്ട് അണികളെ തുന്നിക്കൂട്ടിയ നേതാവ്. ജനസമ്പര്‍ക്കം കൊണ്ടുതന്നെ ജനകീയത അടയാളപ്പെടുത്തിയ ഉമ്മന്‍ചാണ്ടിക്ക് മനസാക്ഷിയായിരുന്നു എന്തിനും മാനദണ്ഡം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആള്‍ക്കൂട്ടമില്ലാതൊരു ഉമ്മന്‍ചാണ്ടിയെ ആരും കണ്ടുകാണില്ല. കയ്യകലത്തുനിന്ന് കാര്യംകാണാം, ചെവിയരികത്ത് വന്ന് ദുരിതം പറയാം. കേള്‍ക്കാനും പറയാനും, കാണാനും കരുതാനും ഒരു നേതാവില്ലാതെ നേരംപുലര്‍ന്ന ദിനമാണ് ജൂലൈ 18.

നേതാക്കളുടെ നേതാവും അണികളുടെ ആവേശവുമായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അനുയായികളില്ലാത്തൊരു വാര്‍ഡ് പോലും കേരളത്തില്‍ ഉണ്ടായിരുന്നില്ല. മരണംകൊണ്ട് മുറിവേറ്റവര്‍ പുതുപ്പള്ളിയിലെ കല്ലറയില്‍ ഹൃദയംകൊണ്ട് ഇങ്ങനെ എഴുതിവച്ചു. ‘ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു’.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ടാകുകയാണ്. ഏറെ വേദനിപ്പിച്ച വേർപാടിന്‍റെ ഓർമ്മയിലാണ് രാഷ്ട്രീയ കേരളം. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരുവർഷം മുന്നില്‍ നിറഞ്ഞ ശൂന്യതയായിരുന്നുവെന്നാണ് ഉമ്മൻചാണ്ടിയുടെ കുടുംബം പറയുന്നത്. ആള്‍ക്കുട്ടവും ആള്‍ക്കൂട്ടത്തിന്‍റെ നേതാവായ കുടുംബനാഥനില്ലാത്തതിന്‍റെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ മറിയയും മകൻ ചാണ്ടി ഉമ്മനും പങ്കു വയ്ക്കുന്നത്.