
സ്വന്തം ലേഖകൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണസംഘിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വിഴിഞ്ഞത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് മനഃപൂര്‍വം പറയാതിരുന്ന പിണറായി ബിജെപി മന്ത്രിയുടെ സാന്നിധ്യത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കുറ്റപ്പെടുത്തി. പാര്‍ട്ടി വോട്ടുകള്‍ ബിജെപി വിഴുങ്ങുന്നുവെന്ന ആശങ്ക പിണറായി വിജയന് ഇല്ലെന്നും വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടിയെ സ്മരിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ നിലപാട് മാതൃകാപരമാണെന്നും മുരളീധരന്‍ പറഞ്ഞു.
‘വിഴിഞ്ഞം പരിപാടിക്കിടെ ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞില്ലെന്ന് മാത്രമല്ല, മന്‍മോഹന്‍സിങ്ങിനെ കുറ്റപ്പെടത്തിക്കൊണ്ട് ബിജെപി മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പിണറായിയുടെ കമന്റ്. ബിജെപി തങ്ങളുടെ വോട്ട് വിഴുങ്ങുന്നുവെന്ന് യെച്ചൂരിയും എംവി ഗോവിന്ദനുമൊക്കെ വിലപിക്കുമ്പോള്‍ അദ്ദേഹത്തിന് അത് ഇല്ല. പിണറായി പൂര്‍ണമായി സംഘിയായി മാറിയിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ തെരഞ്ഞെടുപ്പിലെ തിരിച്ചടി പോലും അദ്ദേഹത്തെ പാഠം പഠിപ്പിച്ചിട്ടില്ല. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പേര് പറയുമ്പോള്‍ എല്ലാവരുടെയും മനസില്‍ കെ കരുണാകരന്റെ ചിത്രമാണ് വരിക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നുപറയുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖമാണ് വരിക. അതിനെ മായ്ക്കാന്‍ എത്ര ശ്രമിച്ചാലും പിണറായിക്കും എല്‍ഡിഎഫ് സര്‍ക്കാരിനും കഴിയില്ല’ – മുരളീധരന്‍ പറഞ്ഞു.
എഎന്‍ ഷംസീറിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടിയെ പറ്റി പറയാന്‍ ബുദ്ധിമുട്ടുണ്ടാകും. എങ്കിലും അക്കാര്യത്തില്‍ വിശാല മനസ്‌കത കാണിച്ച സ്പീക്കറുടെ സമീപനം മാതൃകാപരമാണെന്ന് മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് ഭരിക്കുമ്പോള്‍ നടത്തുന്ന വികസനത്തെ എല്ലാത്തിനെയും തടഞ്ഞവരായിരുന്നു എല്‍ഡിഎഫ്. ഗ്യാസ് ലൈന്‍ പൈപ്പ് ലൈന്‍ വന്നപ്പോള്‍ ഇത് ഭൂമിക്കടിയില്‍ പൊട്ടുന്ന ബോംബ് ആണെന്നായിരുന്നു പ്രചാരണം.
വിഴിഞ്ഞം പദ്ധതിയുടെ തറക്കല്ലിട്ടപ്പോള്‍ ദേശാഭിമാനിയുടെ തലക്കെട്ട് കടല്‍ക്കൊളളയെന്നായിരുന്നു. ഇങ്ങനെയൊക്കെ പറഞ്ഞ് പല പദ്ധതികളെയും തടസപ്പെടുത്തിയവര്‍ പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.