
ആലപ്പുഴ: ജില്ലാ സമഗ്ര ശിക്ഷാ കേരള(എസ്.എസ്.കെ.)യില്‍ അക്കൗണ്ട്സ് ഓഫീസറായി ഡെപ്യൂട്ടേഷനില്‍ ചുമതലയേല്‍ക്കാൻ എത്തിയ ഉദ്യോഗസ്ഥയെ തടഞ്ഞു. എൻ.ജി.ഒ. യൂണിയൻ, കെ.ജി.ഒ.എ. പ്രവർത്തകരാണ് ചുമതലയേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവെച്ചത്.
ഇതേത്തുടർന്ന് ഉദ്യോഗസ്ഥയായ റെറ്റി പി. തോമസ് ഓഫീസ് ഗേറ്റിനു പുറത്ത് ആറു മണിക്കൂറോളം ഇരുന്നു. ചുമതലയേല്‍ക്കാനാകാതെ മടങ്ങുകയും ചെയ്തു. ഡെപ്യൂട്ടേഷൻ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നാരോപിച്ചാണ് പ്രവർത്തകർ തടഞ്ഞത്.
സെക്രട്ടേറിയറ്റില്‍ പൊതുഭരണവകുപ്പില്‍ അണ്ടർ സെക്രട്ടറിയായ റെറ്റി തിരുവനന്തപുരം സ്വദേശിനിയാണ്. ഇവർ ഇടതനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗമാണ്. അക്കൗണ്ട്സ് ഓഫീസർ തസ്തിക പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രമോഷൻ തസ്തികയാണെന്നും മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നും സംഘടനാഭാരവാഹികള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ അഞ്ചിനാണ് പൊതുഭരണവകുപ്പിലെ 10 ഉദ്യോഗസ്ഥർക്ക് അണ്ടർ സെക്രട്ടറിമാരായി സ്ഥാനക്കയറ്റത്തിനൊപ്പം വിവിധ വകുപ്പുകളിലേക്കു ഡെപ്യൂട്ടേഷനും നല്‍കി ഉത്തരവിറക്കിയത്. ഇതേത്തുടർന്നാണ് റെറ്റി എത്തിയത്.
ജോലിയില്‍ പ്രവേശിക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധത്തെപ്പറ്റി അറിഞ്ഞതെന്ന് റെറ്റി പി. തോമസ് പറഞ്ഞു. വിവരം പൊതുഭരണവകുപ്പിനെ അറിയിച്ചു. വ്യാഴാഴ്ച തീരുമാനം അറിയും. കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിലേക്കായിരുന്നു ഡെപ്യൂട്ടേഷൻ.
കേന്ദ്ര സർക്കാർ ഈ തസ്തികയ്ക്കുവേണ്ട യോഗ്യത പുനർനിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം യോഗ്യതയുള്ളവർ നാലു ജില്ലയില്‍ ഉണ്ടായിരുന്നു. അവിടെയെല്ലാം പൊതു വിദ്യാഭ്യാസവകുപ്പില്‍നിന്നുതന്നെ നിയമനം നടത്തി. മറ്റു ജില്ലകളിലേക്കു മാത്രമാണ് പൊതുഭരണ വകുപ്പില്‍നിന്ന് ജീവനക്കരെ നിയമിച്ചത്- അവർ പറഞ്ഞു.