play-sharp-fill
കേരള ബാങ്കിന്റെ റേറ്റിങ്ങിനു റിസർവ് ബാങ്ക് മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല ; മാറ്റം വരുത്തിയത് നബാർഡ് ; വാർഷിക പരിശോധനയുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമം മാത്രം ; കേരള ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ 209 കോടി രൂപ ലാഭത്തിൽ : മന്ത്രി വി.എൻ. വാസവൻ

കേരള ബാങ്കിന്റെ റേറ്റിങ്ങിനു റിസർവ് ബാങ്ക് മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല ; മാറ്റം വരുത്തിയത് നബാർഡ് ; വാർഷിക പരിശോധനയുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമം മാത്രം ; കേരള ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ 209 കോടി രൂപ ലാഭത്തിൽ : മന്ത്രി വി.എൻ. വാസവൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള ബാങ്കിന്റെ റേറ്റിങ്ങിനു റിസർവ് ബാങ്ക് മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കേരള ബാങ്കിന്റെ റേറ്റിങ്ങിൽ നബാർഡാണ് മാറ്റം വരുത്തിയത്.

2022-23 സാമ്പത്തിക വർഷത്തെ നബാർഡിന്റെ വാർഷിക പരിശോധനയുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമം മാത്രമാണ് കേരള ബാങ്കിന്റെ റേറ്റിങ്ങിൽ നബാർഡ് വരുത്തിയിട്ടുളള മാറ്റം. ഈ റേറ്റിങ് വ്യത്യാസം 25 ലക്ഷത്തിൽ അധികം വരുന്ന വ്യക്തിഗത വായ്‌പകളെ മാത്രമേ ബാധിക്കുകയുള്ളൂ. നിലവിൽ ഇത്തരം വായ്‌പകൾ ബാങ്ക് നൽകിയിട്ടുള്ള ആകെ വായ്‌പയുടെ മൂന്നു ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നബാർഡിന്റെ റേറ്റിങ് മാറ്റം പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങൾക്കും ഇതര സംഘങ്ങൾക്കും കേരളാ ബാങ്കിൽ നിന്നും വായ്‌പ നൽകുന്നതിന് ഒരു വിധത്തിലും തടസ്സമാകുന്നില്ല. സംഘങ്ങൾക്ക് നൽകി വരുന്ന കാർഷിക വായ്‌പ, സംഘാഗംങ്ങൾക്കുളള മറ്റ് വായ്‌പകൾ, പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾക്ക് നൽകുന്ന വായ്‌പകൾ, സംഘങ്ങൾക്കുളള ഓവർ ഡ്രാഫ്റ്റ് വായ്‌പകൾ, വ്യക്തികൾക്കുള്ള ഭവന വായ്‌പകൾ തുടങ്ങിയവയെ ഒന്നും റേറ്റിങ് മാറിയത് നിലവിൽ ബാധിക്കില്ല. തുടർന്നും മേൽപ്പറഞ്ഞ വായ്‌പകൾ അനുസ്യൂതം നൽകുന്നതിൽ യാതൊരു തടസവും ഉണ്ടായിട്ടില്ല. ചെറുകിട സംരംഭ വായ്‌പയ്ക്ക് നിലവിൽ നൽകി വരുന്ന വായ്പാ തോതനുസരിച്ച് വായ്‌പ നൽകുന്നതിനും കാര്യമായ തടസം ഉണ്ടാകുന്നില്ല.

ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നത് എംഎസ്എംഇ, കൃഷി, സ്വർണപ്പണയ വായ്‌പ, ഭവന വായ്‌പ, സംഘം വായ്‌പകൾ എന്നിവയ്ക്കാണ്. ഇത്തരം വായ്‌പകൾക്കും നബാർഡ് റേറ്റിങ്ങ് ബാധകമല്ലാത്തതിനാൽ റേറ്റിങ് വ്യത്യാസം ബാങ്കിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നില്ല. കേരളാ ബാങ്ക് ഇക്കൊല്ലം (2023-24 സാമ്പത്തിക വർഷത്തിൽ ) 209 കോടി രൂപ ലാഭത്തിലാണ്. ഇതു കേരള ബാങ്ക് രൂപവൽക്കരിച്ച ശേഷമുള്ള ഏറ്റവും കൂടിയ ലാഭമാണെന്നും വാസവൻ പറഞ്ഞു.