
മാംസകച്ചവടം മുന്നിൽകണ്ട് കെനിയൻ യുവതികൾ എത്തിയത് കൊച്ചിയിൽ, കൊച്ചിയിലെ സാദ്ധ്യത പറഞ്ഞുകൊടുത്തത് ബംഗ്ളൂർ സുഹൃത്തുക്കൾ, ഇത്രയും നാളും പിടിക്കപ്പെടാതിരുന്ന ആത്മവിശ്വാസത്തിൽ കറങ്ങി നടന്നു, അവസാനം സിറ്റി പോലീസ് ഒരുക്കിയ വലയിൽ
കൊച്ചി: അനാശാസ്യത്തിലൂടെ പണം സമ്പാദിച്ചിരുന്ന ആഫ്രിക്കൻ സ്വദേശിനികള്‍ ലക്ഷ്യമിടുന്നത് കൊച്ചിയെ. കാലാവധി കഴിഞ്ഞ’ രേഖകളുമായി ഡല്‍ഹിയിലും ബംഗളൂരുവിലും കറങ്ങി നടന്നിട്ടും പിടിക്കപ്പെട്ടില്ലെന്ന ആത്മവിശ്വാസമാണ് ഇവരെ കൊച്ചിയിലെത്തിച്ചത്.
എന്നാൽ, സിറ്റി പോലീസ് ഒരുക്കിയ പഴുതടച്ച സുരക്ഷ ഇവരെ വലയിലാക്കി. കെനിയൻ സ്വദേശിനികളായ ലിഡിയ അമോള ബിഷേന്ത (29), മേഴ്സി അകിനിയ ഒനിയാങ്കോ (26), വിക്കിയ ജോസഫൈൻ സോളൊളോ (33) എന്നിവരാണ് പിടിയിലായത്.
കൊച്ചിയിലെത്തി മണിക്കൂറുകൾക്കകമാണ് ഇവർ പോലീസ് പിടിയിലായത്. ട്രെയിൻമാർഗമാണ് മൂവരും കൊച്ചിയിലെത്തിയത്. എറണാകുളം നോർത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കാൻ പാസ്പോർട്ടിന്റെ ഫോട്ടോ കൈമാറി. എന്നാല്‍ ഫോട്ടോയും ആളുകളും തമ്മില്‍ പൊരുത്തമില്ലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശികള്‍ മുറിയെടുത്താൽ ഉടൻ പോലീസിനെ അറിയിക്കണമെന്നാണ് ഹോട്ടലുടമകള്‍ക്ക് നൽകിയിരിക്കുന്ന നിർദേശം. തിരിച്ചറിയല്‍ രേഖയിലെ സംശയമടക്കം ജീവനക്കാർ നോർത്ത് പോലീസിനെ അറിയിച്ചു.
പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തപ്പോള്‍ 2017ല്‍ മെഡിക്കല്‍, വിദ്യാഭ്യാസ വിസകളില്‍ എത്തിയതാണെന്നും വിസ കാലാവധി കഴിഞ്ഞെന്നും വ്യക്തമായി. ഫോണ്‍ പരിശോധനയില്‍ ലക്ഷ്യം അനാശാസ്യമാണെന്ന് തിരിച്ചറിഞ്ഞു.
മറ്റ് ദുരുദ്ദേശങ്ങളോ ലഹരി ഇടപാടുകളോ ഇല്ലെന്നാണ് നിഗമനം. മൂവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
കൊച്ചിയില്‍ താമസിച്ച് ലൊക്കാന്റോ വഴി ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ബംഗളൂരുവിലുള്ള സുഹൃത്തുക്കളാണ് കൊച്ചിയിലെ സാദ്ധ്യത പറഞ്ഞുകൊടുത്തത് എന്നാണ് ഇവർ പറയുന്നത്.
മാംസക്കച്ചവടത്തിന് കുപ്രസിദ്ധികേട്ട സൈറ്റാണ് ലൊക്കാന്റോ. സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ് സൈറ്റ്.
2020ല്‍ വിസയും രേഖകളുമില്ലാതെ ഒരു മാസം ഹോട്ടലുകളില്‍ താമസിച്ച കെനിയൻ സ്വദേശിനികളായ മൗറാ സാറാ വൗവുമ്പി (37), ബുസിൻ സ്വദേശി മൈനാ ദമാരിസ വൗവുമ്പി(30) എന്നിവരെ കൊച്ചി സിറ്റി പോലീസ് പിടികൂടിയിരുന്നു.
ഇതിനു പുറകെയാണ് ഇപ്പോൾ ഈ മൂന്നുപേരും പിടിയിലായത്. കെനിയൻ എംബസിയെ അറിയിക്കും. കോടതിയുടെ അനുമതിയോടെ ഇവരെ നാടുകടത്തുമെന്ന് പോലീസ് അറിയിച്ചു.