കോവിഡ് ബാധിതന് ഇൻഷുറൻസ് തുക നിഷേധിച്ചു ; ഓറിയൻ്റല്‍ ഇൻഷുറൻസിന് പിഴയടിച്ച്‌ ഉപഭോക്തൃ കോടതി; 2.85 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ് 

Spread the love

സ്വന്തം ലേഖകൻ 

കോവിഡ് ബാധിതന് ഇൻഷുറൻസ് തുക നിഷേധിച്ച ഓറിയൻറല്‍ ഇൻഷുറൻസിനെതിരെ ഉപഭോക്തൃ കോടതി വിധി. പരാതിക്കാരന് രണ്ടരലക്ഷം രൂപ ഇൻഷുറൻസ് ക്ലെയിമും 35,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു.

എറണാകുളം അങ്കമാലി സ്വദേശി ജി.എം.ജോജോയുടെ പരാതിയിലാണ് തീര്‍പ്പ്‌. നിബന്ധനകള്‍ പാലിച്ച പരാതിക്കാരന് ഇൻഷുറൻസ് ലഭിക്കാൻ അവകാശമുണ്ടെന്ന് ഡി.ബി.ബിനു അധ്യക്ഷനായ ഉപഭോക്തൃ കോടതി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരനും കുടുംബവും 10 വർഷമായി ആരോഗ്യ ഇൻഷുറൻസ് എടുത്തവരാണ്. കൂടാതെ, 2020ല്‍ കൊറോണ രക്ഷക്ക് പോളിസിയിലും ചേർന്നു. കോവിഡ് പോസിറ്റീവ് ആകുകയും 72 മണിക്കൂർ ആശുപത്രിയില്‍ കിടക്കുകയും ചെയ്താല്‍ രണ്ടര ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും എന്നായിരുന്നു ഇൻഷുറൻസ് കമ്ബനിയുടെ വാഗ്ദാനം. 2021 ഏപ്രിലില്‍ കോവിഡ് വന്നതിനെ തുടര്‍ന്ന് പരാതിക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിസിക്കായി അപേക്ഷ നല്‍കിയെങ്കിലും ചില സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇൻഷുറൻസ് കമ്ബനി തുക അനുവദിച്ചില്ല.

പരാതിക്കാരനും ഭാര്യയും ഇൻഷുറൻസ് ഓംബുഡ്സ്മാന് പരാതി നല്‍കി. ഭാര്യയുടെ ഇൻഷുറൻസ് ക്ലെയിം രണ്ടര ലക്ഷം രൂപ ഓംബുഡ്സ്മാൻ അനുവദിച്ചുവെങ്കിലും പരാതിക്കാരന്റെ തുക അനുവദിക്കാൻ തയ്യാറായില്ല. തുടര്‍ന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 45 ദിവസത്തിനകം ഇൻഷുറൻസ് തുകയായ 2.5 ലക്ഷം രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും ഇൻഷുറൻസ് കമ്ബനി നല്‍കണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. പി.യു.സിയാദ് ഹാജരായി.