തനി നാ‌ടൻ ചായപ്പൊടി സ്റ്റൈൽ, ചേർക്കുന്നത് കാൻസറിന് കാരണമാകുന്ന സിന്തറ്റിക് ഫുഡ് കളറായ ഓറഞ്ചും, റെഡും; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പിടിച്ചെടുത്തത് മായം ചേർത്ത 140 കിലോ ചായപ്പൊടി

Spread the love

തിരൂർ: മായം ചേർത്ത 140 കിലോ ചായപ്പൊടി വളാഞ്ചേരി വെങ്ങാട്ടെ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പിടിച്ചെടുത്തു.

video
play-sharp-fill

കാൻസറിന് വരെ കാരണമായേക്കാവുന്ന സിന്തറ്റിക് ഫുഡ് കളറായ ഓറഞ്ച്, റെഡ് എന്നിവയാണ് ചായപ്പൊടിയിൽ ചേർത്തിട്ടുള്ളതെന്നാണ് നിഗമനം. താനൂർ, തിരൂർ, വൈലത്തൂർ, വളാഞ്ചേരി മേഖലകളിലാണ് വ്യാപകമായി വില്പനയ്‌ക്കെത്തിച്ചിരുന്നത്.

തിരൂർ, താനൂർ പരിധിയിലെ തട്ടുകടകളിൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന ചായപ്പൊടി നിർമ്മാതാവിന്റെ പേരോ ലേബലോ ഇല്ലാതെ വിറ്റഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഒരാഴ്ചയായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു വിതരണക്കാരനായ വേങ്ങര കൂരിയാട് സ്വദേശി. വൈലത്തൂർ ഭാഗങ്ങളിൽ ഇയാൾ വില്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് 140 കിലോ ചായപ്പൊടിയുമായി പിടിയിലാകുന്നത്.

ചോദ്യം ചെയ്തപ്പോൾ വെങ്ങാട് സ്വദേശിയാണ് ചായപ്പൊടി ഇയാൾക്കെത്തിക്കുന്നതെന്ന് മനസിലായി. വെങ്ങാട്ടെ വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ 100 കിലോ മായം കലർന്ന ചായപ്പൊടി പിടിച്ചെടുത്തു. നിർമ്മാണശാലയ്ക്ക് ലൈസൻസോ മറ്റു രേഖകളോയില്ല.

ചായപ്പൊടിയുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റിജണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ഫലം വന്നശേഷം ഇരുവർക്കുമെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ മലപ്പുറം ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ഡി. സുജിത്ത് പെരേര അറിയിച്ചു.

മലപ്പുറം ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ പി.അബ്ദുൾ റഷീദ്, തിരൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ എം.എൻ.ഷംസിയ,കോട്ടക്കൽ ഭക്ഷ്യസുരക്ഷാ ഓഫീസർ യുഎം ദീപ്തി, മങ്കട ഭക്ഷ്യസുരക്ഷാ ഓഫീസർ എ പി അശ്വതി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.