
ക്രിക്കറ്റ് പരിശീലകൻ മനുവിനെതിരെ ഇതിന് മുൻപും പീഡന പരാതികൾ: നിലവിൽ 6 പോക്സോ കേസിൽ പ്രതി, നടപടിയെടുക്കാതെ കെ.സി.എ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) തിരുവനന്തപുരത്തെ പരിശീലകൻ മനുവിനെതിരെ മുൻപും പീഡനപരാതി. ഇയാൾക്കെതിരെ ഏപ്രിൽ 19-ന് പരാതി ലഭിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാതെ വീണ്ടും കോച്ചായി തുടരാൻ അനുവദിക്കുകയായിരുന്നു.
മൂന്നാഴ്ച മുൻപ് നടന്ന പിങ്ക് ക്രിക്കറ്റ് ടൂർണമെന്റിനിടെ പരാതി വരുന്നതുവരെ മനുവിനെകുറിച്ച് സമാനമായ യാതൊരു വിവരമോ സംശയമോ ഇല്ലെന്നായിരുന്നു കെസിഎയും തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷനും പറഞ്ഞിരുന്നത്.
എന്നാൽ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പിങ്ക് ടൂർണമെന്റ് നടക്കുന്നതിന് മുമ്പ് ഏപ്രിലിൽ 19-ന് പരിശീലനത്തിനെത്തിയ ഒരു കുട്ടിയുടെ പിതാവ് തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷന് പരാതി നൽകിയിരുന്നു. മനുവിന്റെ ക്രൂരതകൾ കൃത്യമായി ഈ പരാതിയിൽ ഉണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. പരാതിയിൽ പ്രാഥമികാന്വേഷണം പോലും നടത്താതെ മനുവിനെ കോച്ചായി തുടരാൻ അനുവദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലനത്തിൻ്റെ മറവിൽ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഇതിൽ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തി. ആറ് പെൺകുട്ടികളാണ് നിലവിൽ മനുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. പോക്സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ മനു റിമാൻഡിലാണ്.
പത്തുവർഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നരവർഷം മുൻപ് ഇയാൾക്കെതിരേ ഒരു പെൺകുട്ടി പീഡനപരാതി നൽകിയിരുന്നു. തുടർന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുകയുംചെയ്തു. എന്നാൽ, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസിൽ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയിൽ തുടരുകയായിരുന്നു.