മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പിതാവിനെയും കുട്ടിയെയും രാത്രി മെഡിക്കൽ കോളേജിൽ നിന്നു കാണാതായി: നെട്ടോട്ടം ഓടി പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ മുപ്പതുകാരനെ കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു കാണാതായി. സംഭവത്തിൽ കുട്ടിയെയും യുവാവിനെയും കാണാതായതോടെ ബന്ധുക്കൾ പരാതിയുമായി എത്തി. അടുത്തിടെയുണ്ടായ സമാന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടിയെയും പിതാവിനെയും കണ്ടെത്താൻ പൊലീസ് മണിക്കൂറുകളോളം നെട്ടോട്ടമോടി. ഒടുവിൽ കുട്ടിയും യുവാവും സഹോദരിയുടെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് തിരച്ചിൽ അവസാനിപ്പിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. വാകത്താനം സ്വദേശിയായ മുപ്പതുകാരനാണ് കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മുങ്ങിയത്. ദിവസങ്ങളായി മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവാവിനെ പിതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ എത്തിയ ശേഷം അച്ഛന്റെ കയ്യിൽ നിന്നും മകനെയും വാങ്ങിയ യുവാവ് മെഡിക്കൽ കോളേജിൽ നിന്നും മുങ്ങി. തുടർന്ന് അച്ഛൻ നേരെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി എസ്‌ഐയെ വിവരം അറിയിച്ചു. ഇതിനിടെ കുട്ടിയും യുവാവും ബേക്കർ ജംഗ്ഷനിൽ എത്തിയതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ഈസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ബേക്കർ ജംഗ്ഷനിലും, നഗരത്തിലും അരിച്ചു പെറുക്കി. അടുത്തിടെ സംസ്ഥാനത്ത് കുട്ടികൾക്ക് നേരെയുണ്ടായ അതിക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലായിരുന്നു തിരച്ചിൽ. എന്നാൽ, മണിക്കൂറുകളോളം തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ യുവാവിന്റെ അച്ഛന്റെ ഫോണിൽ സന്ദേശം എത്തി. യുവാവും കുട്ടിയും കങ്ങഴയിൽ ബന്ധുവീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് ബന്ധുക്കൾ ഇവിടേയ്ക്ക് തിരിക്കുകയായിരുന്നു. രാത്രി വൈകി ഇരുവരെയും ബന്ധുക്കൾ കറുകച്ചാൽ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്.