
മുണ്ടക്കയം: അഴിക്കുന്തോറും മുറുകുന്നതാണ് മുണ്ടക്കയത്തെ ഗതാഗതക്കുരുക്ക്.
ഇതിനിടെ കോസ് വേ പാലം അറ്റകുറ്റപ്പണിയ്ക്കായി ഒരുമാസം അടച്ചതോടെ ദുരിതം ഇരട്ടിയായി.
ഇരുകരകളിലുമുള്ളവർക്ക് ടൗണില്‍ എത്താൻ മുക്കാല്‍ കിലോമീറ്റർ കറങ്ങേണ്ട ഗതികേടാണ്.
മുളങ്കയം ജംഗ്ഷനില്‍ നിന്ന് വീതി കുറഞ്ഞ റോഡിലൂടെയാണ് വാഹനങ്ങള്‍ ദേശീയപാതയില്‍ എത്തുന്നത്. ഇത് അപകടങ്ങള്‍ക്കും ഇടയാക്കും. സ്ഥിരം പോകുന്ന വഴി മാറിയതോടെ വിദ്യാർത്ഥികള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 ലെ പ്രളയത്തില്‍ മണിമലയാർ കരകവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയതും കാലപ്പഴക്കവും മൂലം കോണ്‍ക്രീറ്റിംഗ് തകർന്ന നിലയില്‍ ആയിരുന്നു. ഇതോടെ വെള്ളക്കെട്ടും രൂക്ഷമായി. തുടർന്നാണ് പ്രതലത്തിന്റെ കോണ്‍ക്രീറ്റിംഗ് ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച കനത്തമഴയില്‍ പാലത്തിന്റെ പണികള്‍ ആരംഭിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇതോടെ ജോലികള്‍ താത്കാലികമായി നിറുത്തിവച്ചു. മഴയുടെ ശക്തി കുറഞ്ഞതോടെയാണ് പണികള്‍ വീണ്ടും ആരംഭിച്ചത്. ഇതോടെ ടൗണില്‍ വാഹനത്തിരക്കുമേറി.
രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. പൊലീസിന്റെ സേവനമുണ്ടെങ്കിലും അവരും നിസ്സഹായരാണ്.