അന്തിമ വോട്ടര്‍പട്ടികയായി; തദ്ദേശ തെരഞ്ഞെടുപ്പില്‍ 2.66 കോടി വോട്ടര്‍മാര്‍; 1,26,29,715 പുരുഷന്‍മാരും 1,40,43,026 സ്ത്രീകളും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,66,72,979 വോട്ടര്‍മാരുണ്ടെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. 1,26,29,715 പുരുഷന്‍മാരും 1,40,43,026 സ്ത്രീകളും 238 ട്രാന്‍സ്ജെന്‍ഡറുകളുമാണ് പട്ടികയില്‍ ഉള്ളത്. കഴിഞ്ഞ ജനുവരി ഒന്നാം തീയതിയോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.

സംക്ഷിപ്ത പുതുക്കലിനായി ജൂണ്‍ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,68,57,023 വോട്ടര്‍മാരുണ്ടായിരുന്നു. അവരില്‍ മരണമോ , താമസം മാറിയതോ മൂലം അനര്‍ഹരായ 4,52,951 പേരെ ഒഴിവാക്കിയും അര്‍ഹരായ 2,68,907 പേരെ പുതുതായി ചേര്‍ത്തുമാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ജൂണ്‍ 21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. ഇആര്‍ഒയുടെ തീരുമാനത്തിനെതിരെ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.

14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

വോട്ടര്‍പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.