
തിരുവനന്തപുരം: കോവളം വണ്ടിത്തടത്ത് ഗൃഹനാഥനെയും ഭാര്യാമാതാവിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് പിന്നാലെയുള്ള ആത്മഹത്യയെന്ന് നിഗമനം. 76-കാരിയായ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥനായ സാബുലാൽ ജീവനൊടുക്കിയെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. സാബുലാലിന്റെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ഇരുനില കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാൽ(50) ഭാര്യാമാതാവ് സി.ശ്യാമള(76) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
അർബുദബാധിതയായി ചികിത്സയിലായിരുന്ന സാബുലാലിന്റെറെ ഭാര്യ റീന ജൂൺ മൂന്നാം തീയതിയാണ് അന്തരിച്ചത്. ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളർത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിന് മുൻപ് പുലർച്ചെ നാലുമണിയോടെ സാബുലാൽ ഭാര്യയുടെ ബന്ധുവായ വഞ്ചിയൂർ സ്വദേശി ബിന്ദുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്സാപ്പിൽ അയച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയുടെ വേർപാട് തന്നെ തളർത്തി. ഇനി പിടിച്ച് നിൽക്കാനാവില്ല, അതിനാൽ അമ്മയെയും കൂടെ കൂട്ടുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അടുത്ത സുഹ്യത്തായ ശ്രീകാന്തിനും ഇത് അയച്ചുകൊടുക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു.
ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തിട്ടുണ്ട്.