
തിരുവഞ്ചൂര്‍: തിരുവഞ്ചൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ മില്‍ക്ക് എ.ടി.എം. ജൂലൈ ആറ് ( ശനി) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സംഘം അങ്കണത്തില്‍ രാവിലെ 9.30 ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.
പാമ്പാടി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ പ്രേമ ബിജു സ്വാഗതം ആശംസിക്കും. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍. ശാരദ പദ്ധതിയെപ്പറ്റി വിശദീകരിക്കും.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണന്‍ ആദ്യപാല്‍വില്‍പ്പന സ്വീകരണവും റീചാര്‍ജ് കാര്‍ഡ് വില്‍പ്പന ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നിബു ജോണും നിര്‍വഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വ്യാപാര-വ്യവസായ രംഗത്തെ പ്രമുഖര്‍, ക്ഷീരകര്‍ഷക പ്രതിനിധികള്‍, ക്ഷീരസഹകാരികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് തിരുവഞ്ചൂര്‍ ക്ഷീരസംഘത്തില്‍ മില്‍ക്ക് എ.ടി.എം. സ്ഥാപിക്കുന്നത്. സംഘത്തിലെ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പശുവില്‍പാല്‍ ഗുണനിലവാര പരിശോധന നടത്തിയാണ് ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനിലൂടെ വില്‍പ്പനയ്ക്കു സജ്ജമാക്കുന്നത്.
200 ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ശീതീകരണ സംഭരണി. ദിവസം രണ്ടുനേരം പാല്‍ നിറയ്ക്കും. ഈ സംവിധാനത്തിലൂടെ നാടന്‍പാല്‍ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.