
കോട്ടയം കങ്ങഴയിലെ ബിബിൻ ജോസിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാളെ മണർകാട് പോലീസ് സ്റ്റേഷനിലേക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ച്
സ്വന്തം ലേഖകൻ
കോട്ടയം: കങ്ങഴയിലെ ബിബിൻ ജോസി (21)ന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ മണർകാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ 10 – ന് മണർകാട് ബസ് സ്റ്റാന്റിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ഫോറൻസിക് രാസപരിശോധന റിപ്പോർട്ട് വേഗം പൂർത്തിയാക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു.
ബിബിന്റെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു.
കാണാതായ ബിബിന്റെ മൃതദേഹം കണ്ടെത്തി ഒരു മാസം കഴുത്തിട്ടും കേസിന്റെ ചുരുളഴിക്കാൻ പോലിസിന് കഴിഞ്ഞിട്ടില്ല. എന്തിന് ആത്മഹത്യയോ കൊലപാതകമോ എന്താണന്ന് ഇതുവരെ അന്വേഷിച്ചു കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ല.
ബിബിന്റെ മൃതദേഹം ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്നു.
കങ്ങഴ കുമ്പന്താനം ചീനിക്കടുപ്പിൽ ജോസിന്റെയും ജൂലിയത്തിന്റെയും മകൻ ബിബിൻ ജോസ് (21)ആണ് കൊല്ലപ്പെട്ടത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലുള്ള ജി.ടെക് കംപ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ കമ്പ്യൂട്ടർ പഠിക്കുന്ന ബിബിനെ 2024 മെയ് 10 മുതലാണ് കാണാതായത്. അന്ന് ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 12:30 ക്ക് കോട്ടയത്തുനിന്നും വീട്ടിലേക്ക് പോയ ബിബിൻ മടങ്ങി വന്നില്ല .വടവാതൂരിൽ ഉള്ള ഒരു സുഹൃത്തിനെ കാണാൻ പോകുമെന്നും അല്പം വൈകും എന്നും പറഞ്ഞിട്ടാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത് .
സാധാരണയായി മൂന്ന് മണിക്ക് എത്തേണ്ട മകൻ നാലുമണി കഴിഞ്ഞിട്ടും എത്താതയപ്പോൾ വീട്ടുകാർ അന്വേഷണം ആരംഭിച്ചു രാത്രിയായിട്ടും വന്നില്ല. പിന്നീട് ബന്ധുക്കളെ കൂട്ടി പാമ്പാടി പോലീസിൽ പരാതി നൽകി. പകൽ മൂന്നുമണി മുതൽ വൈകിട്ട് പോലീസിന് പരാതി കൊടുക്കുമ്പോഴും ബിബിന്റെ ഫോണിന്റെ ബെല്ല് അടിച്ചു കൊണ്ടേയിരുന്നു. പിറ്റേന്ന് ഏതാണ്ട് ഉച്ചവരെയും ഈ ഫോണിന്റെ ബെല്ല് ഉണ്ടായിരുന്നതായി പിതാവ് ജോസ് പറയുന്നു.
പരാതി നല്കിയപ്പോൾ പോലീസും ഇക്കാര്യം സ്ഥിരീകരിച്ചതാണ്. എന്നിട്ടും പോലീസിന്റെ സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഫോൺ ഇരിക്കുന്ന സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ടവർ ലൊക്കേഷനിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് ഫോൺ ഉള്ളതെന്ന ന്യായം പറഞ്ഞ് അന്വേഷണം മന്ദ ഗതിയിലാക്കി.
എന്തിനായിരുന്നു ഇത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല എന്നാണ് പിതാവ് ജോസ് ചോദിക്കുന്നത്.
പിന്നീട് മെയ് 27ന് വടവാതൂർ ശാന്തി ഗ്രാമം കോളനിക്ക് സമീപത്തുള്ള ഒരു മാഞ്ചിയം തോട്ടത്തിൽ ആണ് ബിബിന്റെ മൃതദ്ദേഹം കണ്ടെത്തിയത്.
ഒരു കയർ ഒരു മരത്തിൽതൂങ്ങി കിടക്കുന്നു. സമീപത്ത് തല വേർപെട്ട് ശരീരഭാഗങ്ങൾ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന ഒരു അവസ്ഥയിലാണ് കണ്ടെത്തിയത്. ഇത് സാധാരണ മരണമല്ല എന്ന് പോലീസും നാട്ടുകാരും പറഞ്ഞു. എന്നാൽ അന്വേഷണം വേണ്ട രീതിയിൽ നടന്നില്ല എന്നതാണ് സത്യം. അന്ന് പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജിൽ എത്തിച്ച മൃതദേഹം ഇപ്പോഴും അവിടെത്തന്നെ സൂക്ഷിക്കുകയാണ് ആന്തരിക അവയവങ്ങളുടെ ഫോറൻസിക് പരിശോധനാഫലം ലഭിക്കാനുണ്ട് എന്നു പറഞ്ഞാണ് മൃതദേഹം വിട്ടു നൽകാത്തത്.
പരിശോധന ഫലം കിട്ടാൻ ഒരു മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബിബിന്റെ വീട്ടുകാരെ പോലീസ് അറിയിച്ചത്.
വടവാതൂരിൽ ഉള്ള ഒരു സുഹൃത്തിനെക്കുറിച് ബിബിൻ വീട്ടുകാരോട് നേരത്തെ പറഞ്ഞിട്ടുള്ളതാണ് . മുൻപ് ഇവർ 8, 9, 10 ക്ലാസുകളിൽ ഒന്നിച്ചു പഠിച്ചതാണ്. കോട്ടയത്ത് കംപ്യൂട്ടർ പഠന കാലത്താണ് പഴയ സഹപാഠിയെ വീണ്ടും കണ്ടു മുട്ടിയത്. സുഹൃത്തിനെ വീട്ടുകാർക്ക് അറിയില്ല. അന്വേഷണത്തിൽ ഇയാളെക്കുറിച്ച് വീട്ടുകാർക്ക് വിവരം ലഭിച്ചു. അക്കാര്യം പോലീസിനെ അറിയിച്ചു.
വിപിന്റെ സുഹൃത്ത്എന്നു സംശയിക്കുന്ന യുവാവ് ഇതിനിടെ ബാംഗ്ലൂർക്ക് കടന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാരും പോലീസിനെ അറിയിച്ചങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല.
ബിബിന്റെ മരണത്തിൽ സംശയമുള്ള ആറ് പേരുടെ പേരുകളിൽ ഒന്ന് വടവാതൂർ സ്വദേശിയായ ഈ യുവാവിന്റെതാണ് .
എന്നാൽ പോലീസ് ഈ വഴിക്കൊന്നും കാര്യമായി അന്വേഷണം നടത്തിയില്ല എന്നാണ് വീട്ടുകാരുടെ പരാതി. ഇതൊരു കൊലപാതകമാണ് എന്നതിൽ തർക്കമില്ല എന്ന് വീട്ടുകാരും കുടുംബവും വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ ആത് എന്തിന്? ഇക്കാര്യം ആവശ്യപ്പെട്ടാണ് സമരം.