സ്വന്തം ലേഖകൻ
കോട്ടയം : കനത്ത മഴയ്ക്ക് പിന്നാലെ ജില്ലയില്‍ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി തുടങ്ങി. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവയുടെ സാന്നിദ്ധ്യം കൂടുതലുള്ളത്.
പറമ്പുകളും കാനകളുമൊക്കെ കടന്ന് വീടുകളുടെ ചുമരിലും വീടകങ്ങളില്‍ വരെയുമെത്തി. ഇവയുടെ ദേഹത്തില്‍ നിന്ന് പുറത്ത് വരുന്ന ദ്രവം സ്പർശിച്ചാല്‍ ത്വക്ക് രോഗം മുതല്‍ മസ്തിഷ്കജ്വരം വരെയുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറംതോട് ശംഖ് പോലിരിക്കുന്നത് കുട്ടികളില്‍ കൗതുകമുണ്ടാക്കാനിടയുള്ളതിനാല്‍ കരുതിയിരിക്കണം. പ്രതികൂല കാലാവസ്ഥയില്‍ മൂന്ന് വർഷം വരെ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന ഇവയെ നശിപ്പിക്കുക അത്ര എളുപ്പവുമല്ല. ലോകത്തിലെ ഏറ്റവും വലിയ ഒച്ചെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് കൃഷിയുള്‍പ്പെടെ എന്തും നശിപ്പിക്കാൻ കഴിയും.
ചേമ്ബ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ തുടങ്ങിയവയുടെ ഇലകള്‍ ഒച്ചുകള്‍ തിന്നുതീർക്കുകയാണെന്ന് കർഷകർ പറയുന്നു. കോട്ടയം കോടിമത ടി.ബി റോഡിന് സമീപത്തായുള്ള വീടുകളില്‍ ഇവയുടെ ശല്യം രൂക്ഷമാണ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. എം.ജി റോഡില്‍ നിന്നുള്ള കണ്ടെയ്നറുകളില്‍ നിന്നാണ് ഒച്ചുകള്‍ എത്തുന്നത്. ഉപ്പ് വിതറി കൊല്ലുക അസാദ്ധ്യമാണെന്ന് നാട്ടുകാർ പറയുന്നു.
പലതവണ ഉദ്യോഗസ്ഥർക്ക് പരാതികള്‍ നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ല. ഇവയെ നശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും ശ്രദ്ധയും അടിയന്തരമായി ഉണ്ടാകണമെന്ന് കോടിമത നിവാസികള്‍.
ഉപ്പ്, ബ്ലിച്ചിംഗ് പൗഡർ എന്നിവ വിതറുക. പഴത്തൊലി, പപ്പായ, ഇല എന്നിവയില്‍ മൈദ പുരട്ടിവച്ചാല്‍ ഇവ ആകർഷിക്കപ്പെടും. പിന്നീട് പുകയില കഷായം തളിച്ച് കൊല്ലാം. പുകയില കഷായം നേരിട്ടും പ്രയോഗിക്കാം.
ശാസ്ത്ര നാമം: അക്കാറ്റിന ഫുലിക്ക
മുട്ടയിടുന്നത് : വർഷത്തില്‍ 5-6 തവണ
ഒരു തവണ : 200 മുട്ട വരെ
ആകെ ഇടുന്ന മുട്ട : 1000 വരെ