സ്വന്തം ലേഖകൻ
കൊല്ലം: കുണ്ടറ ആലീസ് കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവില്‍ പറയുന്നു.
വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി ഒരുവിധത്തിലും വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി എം എന്നിവരുടെ ബെഞ്ചാണ് നിരീക്ഷിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറ്റയ്ക്ക് താമസിച്ചിരുന്ന കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ വർഗീസിന്റെ ഭാര്യ ആലീസിനെ (57) 2013 ജൂൺ 11ന് വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തെന്നും കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു എന്നുമുള്ള കേസിലാണ് പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെ (40) ഹൈക്കോടതി ബുധനാഴ്ച വെറുതെ വിട്ടത്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവൻ പരാജയങ്ങളും ചൂണ്ടിക്കാട്ടിയാണ്, ഒരു നിരപരാധിയെ 10 വര്‍ഷത്തിലേറെ ജിയിലിലിട്ടതിനെ കോടതി വിമർശിച്ചത്.
മറ്റൊരു കേസിൽ ജയിലിൽ കിടക്കുകയായിരുന്ന ഗിരീഷ് സഹതടവുകാരനിൽ നിന്നാണ് ആലിസിനെക്കുറിച്ചും ഗൾഫുകാരനായ ഭർത്താവ് എ വി സദനില്‍ വര്‍ഗീസിനെക്കുറിച്ചും വിവരങ്ങൾ ലഭിക്കുന്നതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഗിരീഷ് ജയിലില്‍ നിന്നിറങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ആലീസിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസ് ഭാഷ്യം.