video
play-sharp-fill
സഹോദരന്റെ വീട്ടിലേയ്ക്ക് പോകാനെത്തിയ യുവതി വഴി തെറ്റി രാത്രിയിൽ നഗരത്തിലെത്തി: കഴുകൻകണ്ണുമായി യുവാക്കളുടെ സംഘങ്ങൾ പിന്നാലെ കൂടി: അവശയായ യുവതിയെ ഭക്ഷണം നൽകി രക്ഷിച്ചത് ശാസ്ത്രി റോഡിലെ തട്ടുകട ജീവനക്കാർ

സഹോദരന്റെ വീട്ടിലേയ്ക്ക് പോകാനെത്തിയ യുവതി വഴി തെറ്റി രാത്രിയിൽ നഗരത്തിലെത്തി: കഴുകൻകണ്ണുമായി യുവാക്കളുടെ സംഘങ്ങൾ പിന്നാലെ കൂടി: അവശയായ യുവതിയെ ഭക്ഷണം നൽകി രക്ഷിച്ചത് ശാസ്ത്രി റോഡിലെ തട്ടുകട ജീവനക്കാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സഹോദരന്റെ വീട്ടിലേയ്ക്ക് പോകാനായി എത്തിയ അപസ്മാര രോഗിയായ യുവതി വഴിതെറ്റി രാത്രിയിൽ എത്തിയത് കോട്ടയം നഗരത്തിൽ. രാത്രിയിൽ തനിച്ച് നഗരത്തിലൂടെ നടന്ന യുവതിയ്ക്കു പിന്നാലെ കഴുകൻ കണ്ണുകളുമായി സാമൂഹ്യ വിരുദ്ധ സംഘവും, ഒരു പറ്റം യുവാക്കളും കൂടി. കയ്യിലെ പണം നഷ്ടമായി ഭക്ഷണം കഴിക്കാൻ വഴിയില്ലാതെ അവശനിലയിൽ ശാസ്ത്രി റോഡിലൂടെ നടന്ന യുവതിയെ രക്ഷിച്ചത് ഇവിടുത്തെ തട്ടുകട ജീവനക്കാർ. പിങ്ക് പൊലീസ് സംഘത്തെ വിളിച്ചു വരുത്തിയ തട്ടുകടക്കാർ ചേർന്നാണ് യുവതിയെ ആക്രമണത്തിൽ നിന്നു രക്ഷപെടുത്തിയത്. എറണാകുളം സ്വദേശിയായ സുഹ്‌റ (45)യെ പിങ്ക് പൊലീസ് രാത്രി തന്നെ സ്വദേശയ്ക്ക് ട്രെയിനിൽ മടക്കി അയച്ചു.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടയത്തെ സഹോദരന്റെ വീട്ടിലേയ്ക്ക് പോകുന്നതിനായാണ് സുഹ്‌റ ഉച്ചയോടെ എറണാകുളത്തു നിന്നും യാത്ര തിരിച്ചത്. കോട്ടയത്ത് എത്തിയ യുവതിയ്ക്ക് സഹോദരന്റെ വീട്ടിലേയ്ക്കുള്ള വഴി കണ്ടെത്താൻ സാധിച്ചില്ല. മൊബൈൽ ഫോൺ കയ്യിലില്ലാത്ത സുഹ്‌റയ്ക്ക് സഹോദരന്റെ ഫോൺ നമ്പർ കാണാതെ അറിയുകയുമില്ലായിരുന്നു. വീട്ടിലേയ്ക്കുള്ള വഴി അന്വേഷിച്ച് വൈകുന്നേരം മുതൽ രാത്രി വരെ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന സുഹ്‌റയ്ക്ക് കയ്യിലുണ്ടായിരുന്ന പണവും ഇടയ്‌ക്കെപ്പോഴോ നഷ്ടമായി. രാത്രി വൈകും വരെ നഗരത്തിലെ പല പ്രദേശങ്ങളിലും യുവതി അലഞ്ഞു തിരിഞ്ഞ് നടന്നെങ്കിലും സ്ത്രീകളുടെ സുരക്ഷ ഒരുക്കേണ്ട പിങ്ക് പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽ ഒരിടത്തും സുഹ്‌റയെ കണ്ടെത്തിയില്ല. ഇതേ തുടർന്ന് രാത്രി എട്ടു മണിയോടെ ശാസ്ത്രി റോഡിലെ തട്ടുകയ്്ക്ക് സമീപം സുഹ്‌റ എത്തുകയായിരുന്നു. ഈ സമയം പല കോണുകളിൽ നിന്നായി സാമൂഹ്യ വിരുദ്ധ സംഘം സുഹ്‌റയുടെ പിന്നാലെ കൂടി. പലരും പണവും പ്രലോഭനവുമായി സുഹ്‌റയെ പാട്ടിലാക്കാൻ പോലും ശ്രമിക്കുന്നുണ്ടായിരുന്നു. അവശ നിലയിലായിരുന്ന സുഹ്‌റയ്ക്ക് ഇവരോട് പ്രതികരിക്കാൻ പോലും ശേഷിയുണ്ടായിരുന്നു. ഇതിനിടെയാണ് ശാസ്ത്രി റോഡിലെ തട്ടുകടജീവനക്കാർ സുഹ്‌റയെ കണ്ടത്. ഇവർ കടയിൽ വിളിച്ചിരുത്തി ഭക്ഷണം നൽകിയ ശേഷം കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. തട്ടുകട ജീവനക്കാർ ശ്രദ്ധിക്കുന്നതായി കണ്ടതോടെയാണ് സാമൂഹ്യ വിരുദ്ധർ പിൻവലിഞ്ഞത്. തുടർന്ന് തട്ടുകടക്കാർ തന്നെ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് എത്തി സുഹ്‌റയെ സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. സഹോദരന്റെ കൃത്യമായ വിലാസം ലഭിക്കാതിരുന്നതിനാൽ സുഹ്‌റയെ തിരികെ ട്രെയിനിൽ നാട്ടിലേയ്ക്ക് അയച്ചു. ഇവിടെ എത്തിയാലുടൻ വേണ്ട ക്രമീകരണങ്ങൾ പൊലീസ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരുന്നു. തുടർന്ന് സുഹ്‌റയെ വീട്ടിലെത്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ പിങ്ക് പൊലീസ് സംഘം ഒരുക്കുകയും ചെയ്തിരുന്നു.