video
play-sharp-fill

തിരഞ്ഞെടുപ്പ് കാലത്ത് തമിഴ്‌നാട്ടിൽ പോയാൽ: ധനനഷ്ടം, മാനഹാനി, സമയനഷ്ടം: സിനിമാ സംഘത്തിന്റെ അനുഭവം വൈറലാകുന്നു

തിരഞ്ഞെടുപ്പ് കാലത്ത് തമിഴ്‌നാട്ടിൽ പോയാൽ: ധനനഷ്ടം, മാനഹാനി, സമയനഷ്ടം: സിനിമാ സംഘത്തിന്റെ അനുഭവം വൈറലാകുന്നു

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: തിരഞ്ഞെടുപ്പ് കാലത്ത് തമിഴനാട്ടിൽ പോയാൽ എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കിയ സിനിമാ സംഘാംഗത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തമിഴനാട്ടിൽ തിരഞ്ഞെടുപ്പിൽ വൻ തോതിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവിടെ ഹൈവേകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളെല്ലാം തിരഞ്ഞെടുപ്പ് സംഘം പിടിച്ച് നിർത്തി പരിശോധിക്കുകയാണ്. ഇത്തരത്തിൽ പരിശോധിക്കുന്ന വാഹനങ്ങളിൽ കണ്ടെത്തുന്ന പണം പൂർണമായം സംഘം പിടിച്ചെടുക്കും. കൃത്യമായ രേഖകളുമായി എത്തിയെങ്കിൽ മാത്രമേ പണം തിരികെ ലഭിക്കൂ. രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ദിവസങ്ങളോളം തമിഴ്‌നാട്ടിൽ കുടുങ്ങിയ കുടുംബങ്ങളുടെ കഥകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
തമിഴ്‌നാട്ടിൽ ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ തോതിൽ പണം രാഷ്ട്രീയ പാർട്ടികൾ ചിലവഴിക്കുന്നുണ്ട്. ഇത് കള്ളപ്പണമാണോ എന്ന് കണ്ടെത്തുന്നതിനും, അനധികൃതമായി കൊണ്ടു നടക്കുന്ന പണം പിടിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഇപ്പോൾ തമിഴ്‌നാട്ടിലെ റോഡുകളിൽ വൻ തോതിൽ പരിശോധന നടക്കുന്നത്. ഇതാവട്ടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നി്ന്നും എത്തുന്ന സാധാരണക്കാരെയാണ് വേട്ടയാടുന്നത്.

ഇതിനിടെയാണ് ഫിലിം പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. ഷാഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെക്കേഷൻ കാലമാണ്. കുടുംബത്തോടൊപ്പവും മറ്റും തമിഴ്‌നാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്.
ഷൂട്ടിങ്ങ് ആവശ്യാർഥം കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി ഞങ്ങൾ ഊട്ടിയിലാണുള്ളത്.ഇലക്ഷനോടാനുബന്ധിച്ചുള്ള പോലീസ് ചെക്കിങ്ങിന്റെ ഭാഗമായി കോയമ്പത്തൂർ മുതൽ ഓരോ പോലീസ് സ്റ്റേഷൻ പരിതിയിലും വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്.പ്രത്യേകിച്ചും കേരള രജിഷ്ട്രേഷനുള്ള വാഹനങ്ങൾ. ഊട്ടിയിലേക്കുള്ള എല്ലാ പാതയോരങ്ങളിലും ഇരുപത്തിനാല് മണിക്കൂറും ഇതു തന്നെയാണ് അവസ്ഥ. എല്ലാ ദിവസവും ഷൂട്ടിങ്ങിന് വേണ്ടി ലൊക്കേഷനിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും നീണ്ട പരിശോധനയുണ്ടാവാറുണ്ട്. നാലു ദിവസങ്ങൾക്ക് മുൻപു ഷൂട്ട് കഴിഞ്ഞു താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന ഞങ്ങളുടെ കാർ പരിശോധിക്കുകയും പ്രൊഡ്യൂസറുടെ കൈവശമുണ്ടായിരുന്ന നാൽപത്തി രണ്ടായിരം രൂപയും, മാനേജറുടെ കയ്യിൽ ഉണ്ടായിരുന്ന മുപ്പത്തിഒന്നായിരം രൂപയും ഡ്രൈവറുടെ കയ്യിൽ ഉണ്ടായിരുന്ന പതിനായിരം രൂപയും പരിശോധനയുടെ ഭാഗമായി പോലീസ് പിടിച്ചെടുത്തു.പ്രൊഡ്യൂസറുടെ കൈവശമുണ്ടായിരുന്ന പണം എ.ടി.എമ്മിൽ നിന്നും പിൻവലിച്ച സ്ലിപ്പ് കാണിച്ചിട്ടും അവർ പണം തിരികെ നൽകാൻ സമ്മതിച്ചില്ല. അൻപതിനായിരം രൂപ വരെ ഒരാൾക്ക് കൈവശം വെക്കാമെന്നിരിക്കെ മൂന്നു പേരിൽ നിന്നായിട്ടാണ് എൺപത്തിമൂന്നായിരം രൂപ അവർ പിടിച്ചെടുത്തത്.ഇതിനെ ചോദ്യം ചെയ്തപ്പോൾ ഒരേ വാഹനത്തിൽ നിന്നാണ് തുക മുഴുവൻ പിടിച്ചത് എന്നാണവർ പറഞത് .പേടിക്കേണ്ട ആവശ്യമില്ലെന്നും നാളെ ആർ.ടി.ഒ ഓഫീസിൽ വന്നു അതാത് രേഘകൾ ഹാജരാക്കിയാൽ പണം തിരികെ ലഭിക്കുമെന്നും പറഞ്ഞ് ഞങ്ങളുടെ പണം അവർ സീൽ ചെയ്തു കൊണ്ടുപോയി. പിറ്റേ ദിവസം ആർ.ടി.ഒ ഓഫീസിൽ ചെന്ന ഞങ്ങളോട് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ പോകാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയ ഞങ്ങൾ കണ്ടത് നീണ്ട ക്യൂവാണ് .കഴിഞ്ഞ ദിവസങ്ങളിൽ ചെക്കിങ്ങിൽ ഞങ്ങളെ പോലെ തന്നെ പണം നഷ്ടപെട്ടവരാണ് അവരെല്ലാവരും. അതിൽ തൊണ്ണൂറു ശതമാനവും മലയാളികളായിരുന്നു.ഒരു ദിവസത്തിനും, രണ്ട് ദിവസത്തിനുമായി കുടുംബത്തോടൊപ്പം യാത്ര വന്നവരും, പച്ചക്കറിയും മറ്റും എടുക്കാൻ വന്ന കച്ചവടക്കാരുമായിരുന്നു ഇവരിൽ അധികവും.

ഓഫീസിൽ ഡോക്യുമെന്റ്‌സ് എല്ലാം കാണിച്ച ഞങ്ങളോട് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും മൂന്ന് ദിവസങ്ങൾക്ക് ശേഷം ട്രഷറിയിൽ പോയാൽ പണം അവിടെ നിന്നും കൈപ്പറ്റാമെന്നും പറഞ്ഞു ഒരു സ്ലിപ്പും തന്നു .പുറത്തിങ്ങിയ ഞങ്ങൾ കണ്ടത് വിദേശത്തു നിന്നും നാട്ടിൽ വന്നു ഊട്ടിയിലേക്ക് യാത്ര വന്ന ഒരു മലയാളീ കുടുംബത്തെയാണ് .നാട്ടിലെ എ.ടി.എം കാർഡ് ഇല്ലാത്തത് കൊണ്ട് ബാങ്കിൽ നിന്നും ആവിശ്യത്തിനുള്ള പണം പിൻവലിച്ച് കയ്യിൽ സൂക്ഷിച്ചിരുന്നു.അവരുടെ കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ പണവും പോലീസ് പിടിച്ചെടുത്തു. ചെറിയ കുട്ടികൾ അടക്കമുള്ള ആ കുടുംബത്തിന് ഒരു നേരത്ത ഭക്ഷണത്തിനു പോലുമുള്ള പണം കയ്യിൽ ബാക്കി ഇല്ലായിരുന്നു.ഇത് അവരോട് പറഞ്ഞിട്ടും ഒരു മനഃസാക്ഷിയുമില്ലാതെ എല്ലാം അവർ കൊണ്ടുപോയി. കുറച്ചധികം ദിവസങ്ങൾ ഷൂട്ടിംങ്ങ് ആവശ്യാർഥം ഊട്ടിയിൽ തങ്ങുന്ന ഞങ്ങൾക്ക് താൽകാലികമായി ആ കുടുംബത്തെ സഹായിക്കാൻ സാധിച്ചുവെങ്കിലും ഇതുവരെയും ആ പണം തിരിച്ചു ലഭിക്കാത്തത് കൊണ്ട് ഞങ്ങളുടെ കൂടെ തങ്ങിയിരിക്കുകയാണ്.

അത് കൊണ്ട് കേരളത്തിൽ നിന്നും റോഡുമാർഗ്ഗം പുറത്തു പോകുന്ന എല്ലാവരും ഒന്നു കരുതിയിരിക്കുക: കൂടുതൽ പണം കയ്യിൽ കരുതാതിരിക്കുക.ഈ വിവരം നിങ്ങൾ ഷെയർ ചെയ്തു നിങ്ങളുടെ മറ്റു കൂട്ടുകാരേയും കുടുംബക്കാരേയും അറിയിക്കുക.ഈ വെക്കേഷൻ യാത്രകൾ ദുരിത പൂർണമാകാതിരിക്കട്ടെ.