
ലോണെടുത്ത് കാർ വാങ്ങുന്നവരാണോ നിങ്ങൾ? ലോൺ ക്ലോസ് ചെയ്താലും പണി തീരുന്നില്ല; ഇക്കാര്യങ്ങൾക്കൂടി നിർബന്ധമായും ചെയ്യണം, ഇല്ലെങ്കിൽ വിൽക്കുമ്പോൾ പണികിട്ടും
സ്വന്തമായി കാർ എന്നത് എല്ലാവരുടേയും സ്വപ്നമാണ്. റെഡിക്യാഷ് കൊടുത്ത് കാർ വാങ്ങണമെങ്കിൽ അത്യാവശ്യം നല്ലൊരു ഫിനാൻഷ്യൽ സ്റ്റാറ്റസ് വേണം. എന്നാൽ, ഇന്നത്തെ കാലത്ത് കാർവാങ്ങുന്നവർ ഭൂരിഭാഗവും ലോണിനെയാണ് ആശ്രയിക്കുന്നത്.
ലോണെടുത്ത് കാർ വാങ്ങുകയാണെങ്കിൽ ആർടിഒയില്‍ രജിസ്റ്റർ ചെയ്യുമ്പോള്‍ ആർടിഒയുടെ ഡാറ്റാബേസില്‍ നിങ്ങളുടെ ആർസി ബുക്കില്‍ ബാങ്കിന്‍റെയോ കടം നല്‍കിയ മറ്റ് സ്ഥാപനങ്ങളുടെയോ പേര് ചേർക്കും. ലോണ്‍ മുഴുവൻ അടച്ചു തീരുമ്പോഴാണ് ബാങ്കില്‍ നിന്ന് എൻഒസി (നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കേറ്റ്) കിട്ടുക.
എന്നാൽ, പലരും ഇതു വാങ്ങി മിണ്ടാതെ പോരുകയാണ് ചെയ്യുക. എന്നാൽ, ഇവിടംകൊണ്ട് പണി അവസാനിക്കുന്നില്ല. ഇതിനുശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് ബാങ്കിൽനിന്നാണോ ലോൺ എടുത്തത് ആ ബാങ്കിന്റെ പേരും എൻഒസിയിൽ ഉണ്ടാകും. പുതിയ കാർ വാങ്ങാൻ ഷോറൂമില്‍ പോകുമ്പോള്‍ കാറിൻ്റെ പ്രൈസ് ബ്രേക്കപ്പ് ഷീറ്റില്‍ ഹൈപ്പോതെക്കേഷനായി പ്രത്യേകം ചാർജ് ഈടാക്കുന്നത് കാണാം. ഹൈപ്പോതെക്കേഷൻ എന്നാല്‍ നിങ്ങള്‍ കാറിനായി ലോണ്‍ എടുത്ത ബാങ്കോ മറ്റ് ധനകാര്യ സ്ഥാപനമോ ആണ്.
ആർസിയില്‍ മാത്രമല്ല, കാർ ഇൻഷുറൻസിലും നിങ്ങള്‍ ലോണ്‍ എടുത്ത ബാങ്കിൻ്റെ പേര് ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, ലോണ്‍ അടച്ചുതീർന്നതിനു ശേഷം ബാങ്കിൻ്റെ പേര് രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ഹൈപ്പോത്തിക്കേഷൻ റിമൂവല്‍ എന്നാണ് ഈ പ്രക്രിയയുടെ പേര്. ഹൈപ്പോതെക്കേഷൻ എങ്ങനെ നീക്കംചെയ്യാമെന്ന് നോക്കാം.
ആദ്യം പരിവാഹൻ ഡോട്ട് ഗവ ഡോട്ട് ഇൻ വെബ്‍സൈറ്റില്‍ പോയതിന് ശേഷം, ഹോംപേജിലെ ഓണ്‍ലൈൻ സേവനങ്ങളിലെ വെഹിക്കിള്‍ റിലേറ്റഡ് സർവീസസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം, സംസ്ഥാനം തെരഞ്ഞെടുക്കുക. സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം, നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ചെയ്യാൻ കഴിയുന്ന സേവനങ്ങളുടെ പേരുകള്‍ സ്ക്രീനില്‍ നിങ്ങള്‍ കാണും.
മൊബൈല്‍ നമ്പർ-ഇമെയില്‍ ഐഡി വഴി ഈ പോർട്ടലില്‍ അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയില്‍ ഐഡിയില്‍ ഒടിപി സഹിതം ആക്ടിവേഷൻ ലിങ്ക് ലഭിക്കും.
ഇതിൻ്റെ യൂസർ ഐഡി സജീവമാകും. ആക്ടിവേഷൻ ലിങ്കില്‍ ക്ലിക്കുചെയ്‌ത് ഉപയോക്തൃ ഐഡി സജീവമാക്കുക. തുടർന്ന് പാസ്‌വേഡ് സജ്ജമാക്കുക.
നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക, തുടർന്ന് സേവനത്തിലെ ഹൈപ്പോതെക്കേഷൻ ടെർമിനേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിനുശേഷം, രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും ഫീസ് അടയ്ക്കുകയും ചെയ്യുക. ഫീസ് ഓണ്‍ലൈനായി അടച്ച ശേഷം, രസീതിൻ്റെ പ്രിന്‍റ് ഔട്ട് എടുക്കുക.
ഹൈപ്പോതെക്കേഷൻ നീക്കം ചെയ്തതിന് ശേഷം ഈ കാര്യങ്ങള്‍ ചെയ്യുക. ഇനി ഹൈപ്പോതെക്കേഷൻ നീക്കം ചെയ്താലും കാര്യങ്ങള്‍ കഴിഞ്ഞെന്നു കരുതരുത്. ഹൈപ്പോതെക്കേഷൻ നീക്കം ചെയ്ത് ഫീസ് അടച്ചതിന് ശേഷം ആർസി, പണമടച്ച പേജിൻ്റെ പ്രിൻ്റ് ഔട്ട്, ബാങ്ക് എൻഒസി, കാർ ഇൻഷുറൻസ്, മലിനീകരണ സർട്ടിഫിക്കറ്റ് എന്നിവ ആർടി ഓഫീസിലേക്ക് അയയ്ക്കുക.
ഈ രേഖകളെല്ലാം ആർടിഒയില്‍ ലഭിച്ചാലുടൻ, 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ ആർടിഒ രേഖകളില്‍ നിന്ന് ബാങ്കിൻ്റെ പേര് നീക്കം ചെയ്യുകയും ആർടിഒ നിങ്ങള്‍ക്ക് പുതിയ ആർസി നല്‍കുകയും ചെയ്യും.
ഭാവിയില്‍ കാർ വില്‍ക്കുമ്പോള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ഉടമസ്ഥാവകാശം കൈമാറാൻ സാധിച്ചെന്നുവരില്ല. നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം ചെയ്തുവെന്ന് ഉറപ്പുവരുത്തുക