video
play-sharp-fill
6 മണിക്കൂർ 650 കിലോമീറ്റർ, 12   വയസുകാരിയുടെ  ജീവൻ രക്ഷിക്കാൻ ആംബുലൻസ് പരക്കം പാഞ്ഞു

6 മണിക്കൂർ 650 കിലോമീറ്റർ, 12 വയസുകാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് പരക്കം പാഞ്ഞു

സ്വന്തംലേഖകൻ

കോട്ടയം : അസ്ഥിമജ്ജക്ക് ഗുരുതരമായ രോഗം ബാധിച്ച മറയൂരുകാരി ബാലികയ്ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വെല്ലൂർ ആശുപത്രിയിലെത്തിക്കാനെടുത്തത് വെറും ആറു മണിക്കൂർ. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിലെത്തിച്ച ദൗത്യം ഏറ്റെടുത്തത് ഹാർട്ട് ഓഫ് കോട്ടയം ആംബുലൻസ് സർവീസും ചെലവ് വഹിച്ചത് തൊടുപുഴ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും. കുട്ടിയെ വെല്ലൂർ ആശുപത്രിയിലെ അടിയന്തരചികിത്സാ വിഭാഗത്തിലേക്ക് മാറ്റി.രക്താണുക്കൾ ഉത്പാദിപ്പിക്കുന്ന അസ്ഥിമജ്ജയിലെ രോഗബാധിതയായാണ് ദിവസങ്ങൾക്ക് മുമ്പ് മറയൂർ സ്വദേശിനിയായ 12 വയസുകാരിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കായി കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അസ്ഥിമജ്ജ ചികിത്സകൾക്കായി വെല്ലൂരിലെക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് രോഗിയുമായി ആംബുലൻസ് തമിഴ്നാട്ടിലെ വെല്ലൂരിലേക്ക് യാത്ര ആരംഭിച്ചത്. രക്തം കുറവുള്ളതിനാൽ ദിവസവും നാല് പാക്കറ്റ് രക്തഘടകങ്ങളാണ് രോഗിക്ക് നൽകിയിരുന്നത്. ഇതിനാൽ ആംബുലൻസ് യാത്ര അധികം നീട്ടാൻ സാധിക്കുമായിരുന്നില്ല. രോഗിയും ബന്ധുക്കൾക്കുമൊപ്പം ആംബുലൻസ് ഉടമയും നഴ്സുമായ രഞ്ചു ജോർജും ഡ്രൈവർമാരായ സുബിനും ബിബിനും ദൗത്യം ഏറ്റെടുത്തു. ഒപ്പം വഴിയൊരുക്കി കേരള, തമിഴ്നാട് പോലീസും.