നാല് വര്‍ഷം ജോലി ചെയ്ത അധ്യാപികയെ ജോലിയില്‍ നിന്നൊഴിവാക്കിയത് ഡിവിഷന്‍ ഇല്ലാതാകുന്ന പേരുപറഞ്ഞ്; പകരം നിയമനം നൽകിയത് സിപിഎം നേതാവിന്‍റെ സഹോദര ഭാര്യയ്ക്ക്; വിവാദമായി നടപടി
കണ്ണൂര്‍: നാലുവര്‍ഷം ജോലി ചെയ്ത അധ്യാപികയെ ഡിവിഷന്‍ ഇല്ലാതാകുന്ന പേരുപറഞ്ഞ് ജോലിയില്‍ നിന്നൊഴിവാക്കുകയും പിന്നീട് സിപിഎം നേതാവിന്‍റെ സഹോദര ഭാര്യക്ക് നിയമനം നല്‍കുകയും ചെയ്ത സംഭവം വിവാദമാകുന്നു.
പയ്യന്നൂര്‍ ഉപജില്ലയിലെ ഏറ്റുകുടുക്ക എയുപി സ്‌കൂളിലെ ഹിന്ദി അധ്യാപികയായിരുന്ന പഴയങ്ങാടി രാമപുരത്തെ കെ.ശാലുഷയെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. സ്‌കൂള്‍ കൈമാറ്റം ചെയ്തപ്പോഴുണ്ടാക്കിയ വ്യവസ്ഥകള്‍ ലംഘിച്ചതും കോടതി ഉത്തരവ് നടപ്പാക്കാത്തതുമാണ് വിവാദത്തിന് കാരണം.
ഇതുസംബന്ധിച്ച് പുറത്താക്കപ്പെട്ട അധ്യാപിക അംഗമായിരുന്ന കെഎസ്ടിഎയുടെ മൗനവും ചർച്ചയായിട്ടുണ്ട്.
2008 ജൂണ്‍ രണ്ടിനാണ് സ്‌കൂള്‍ മാനേജര്‍ ശാലുഷയെ അധ്യാപികയായി നിയമിച്ചത്. മാനേജ്‌മെന്‍റ് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ക്ക് വിധേയയായി ജോലിയില്‍ പ്രവേശിച്ച അധ്യാപികയെ 2010 മാര്‍ച്ച് 31 മുതല്‍ രജിസ്റ്ററില്‍ ഒപ്പിടുന്നതിന് അനുവദിച്ചിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യേക പുസ്തകത്തിലാണ് ഒപ്പിടുവിച്ചത്. നാലുവര്‍ഷവും അധ്യാപികയുടെ പ്രമോഷന്‍ ലിസ്റ്റ് മുഖ്യാധ്യാപകൻ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയിരുന്നു. കൂടാതെ മാനേജരും മുഖ്യാധ്യാപകനും ചേര്‍ന്ന് തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റിലും അധ്യാപികയുടെ പേരുണ്ടായിരുന്നു. എന്നാല്‍, മറ്റൊരു അധ്യാപികയ്ക്ക് നിയമനം നല്‍കിയിട്ടില്ലെന്നും തന്നെ നിയമിച്ച മാനേജരെ വകുപ്പുതലത്തില്‍ അംഗീകരിച്ചിട്ടില്ലെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിയമന ഉത്തരവ് നിരസിക്കുകയായിരുന്നുവെന്ന് ശാലുഷ പറയുന്നു.
ഇതിനെതിരേ പരാതിക്കാരി കോടതിയെ സമീപിച്ചു. നാലുമാസത്തിനുള്ളില്‍ ഹിയറിംഗ് നടത്തി പരാതിക്കാരിയുടെ നിയമനം നടത്തണമെന്ന് 2023 ഏപ്രിലില്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍, ഓഗസ്റ്റിലാണ് തിരുവനന്തപുരത്ത് ഹിയറിംഗ് നടത്തിയത്. തുടർനടപടികളില്ലാത്തതിനാല്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും അനുകൂല സമീപമുണ്ടായില്ലെന്ന് അധ്യാപിക പറയുന്നു.
2011 ജനുവരി നാലിന് ഏറ്റുകുടുക്ക എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് സ്‌കൂള്‍ കൈമാറുമ്പോള്‍ തയാറാക്കിയ എഗ്രിമെന്‍റ് വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അധ്യാപിക പറയുന്നു. സ്കൂള്‍ ഉടമയായ കെ.സുധീറും സൊസൈറ്റി പ്രസിഡന്‍റ് പുതിയടത്ത് ശശിധരന്‍, സെക്രട്ടറി കുന്നുമ്മല്‍ സുകുമാരന്‍ എന്നിവര്‍ സംയുക്തമായി സമ്മതിച്ച കൈമാറ്റ വ്യവസ്ഥയില്‍ ശാലുഷയെ നിയമനത്തിനുള്ള ക്ലെയിം ലഭിക്കുന്ന മുറയ്ക്ക് പരിഗണിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.