play-sharp-fill
റോൾസ് റോയ്സ് ഉടമയായ ബാർബർ ; ആഢംബര കാറുകളടക്കം നാനൂറിലധികം കാറുകള്‍ ; ഇന്ത്യയിലെ കോടീശ്വരനായ ബാര്‍ബറുടെ കഥ സിനിമാക്കഥയെ വെല്ലുന്ന ജീവിതം

റോൾസ് റോയ്സ് ഉടമയായ ബാർബർ ; ആഢംബര കാറുകളടക്കം നാനൂറിലധികം കാറുകള്‍ ; ഇന്ത്യയിലെ കോടീശ്വരനായ ബാര്‍ബറുടെ കഥ സിനിമാക്കഥയെ വെല്ലുന്ന ജീവിതം

സ്വന്തം ലേഖകൻ

ബോളിവുഡ് താരങ്ങള്‍ വരെ രമേഷ് ബാബു എന്ന ബാർബറുടെ കസ്റ്റമറാണ്. എന്നാല്‍ മുടി വെട്ടാനല്ല, രമേഷ് ബാബു നടത്തുന്ന ട്രാവല്‍സില്‍നിന്നു കാറുകള്‍ വാടകയ്ക്ക് എടുക്കാനാണ് ഇവർ അദ്ദേഹവുമായി ബന്ധപ്പെടുന്നതെന്നു മാത്രം.


400ലധികം കാറുകളാണ് രമേഷിന്‍റെ ട്രാവല്‍സിലുള്ളത്. ഇപ്പോള്‍ ഏഴു കോടിക്കു മേല്‍ വില വരുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റും മൂന്നരക്കോടിയോളം വില വരുന്ന മെയ്ബാക്ക് സെഡാനും സ്വന്തമായുള്ള രമേഷിന് ബെൻസും ഓഡിയും ജാഗ്വറും ബിഎംഡബ്ല്യുവും ഉള്‍പ്പെടെ 183 കോടിയോളം വില വരുന്ന മറ്റു ലക്ഷ്വറി കാറുകളും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷ്വറി ബസുകള്‍, ട്രാവലറുകള്‍ തുടങ്ങിയ വാഹനങ്ങള്‍ രമേഷ് ബാബുവിന് വേറെയുമുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ലക്ഷ്വറി കാറുകള്‍ സ്വന്തമായുള്ളത് രമേഷ് ബാബുവിനാണ്. സ്വന്തമായി ഉപയോഗിക്കാനല്ലെങ്കിലും ഇന്ത്യയില്‍ അംബാനിക്കു പോലും ഇത്രയും ലക്ഷ്വറി കാറുകള്‍ സ്വന്തമായില്ല. ഇന്ത്യയിലെ ഏറ്റവും സന്പന്നനായ ബാർബറും രമേഷ് ബാബുതന്നെയാണ്.

കർണാടകയിലെ ബംഗളൂരു സ്വദേശിയായ രമേഷ് ബാബുവിന്‍റെ ജീവിതകഥ സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം. പിതാവ് പി. ഗോപാല്‍ ചെറിയൊരു കടയിട്ട് അതില്‍ മുടിവെട്ടിയാണ് കുടുംബജീവിതം മുന്നോട്ട് നീക്കിയിരുന്നത്. പക്ഷേ, അത് അധികകാലം മുന്നോട്ട് പോയില്ല. രമേഷിന് ഏഴു വയസുള്ളപ്പോള്‍ സ്വന്തം പിതാവ് മരണപ്പെട്ടു. രമേഷും അമ്മയും രണ്ടു ചെറിയ സഹോദരങ്ങളും പിതാവ് നഷ്ടപ്പെട്ടതോടെ തികച്ചും അരക്ഷിതാവസ്ഥയിലായി. പിതാവ് മുടിവെട്ടി കിട്ടുന്നതല്ലാതെ മറ്റൊരു വരുമാനവും ഈ കുടുംബത്തിനുണ്ടായിരുന്നില്ല.

അതോടെ ബംഗളൂരുവിലെ ബ്രിഡ്ജ് റോഡില്‍ ഉണ്ടായിരുന്ന പിതാവിന്‍റെ മുടിവെട്ടുകട അമ്മാവൻ ഏറ്റെടുത്തു നടത്താൻ തുടങ്ങി. ദിവസവും അഞ്ചു രൂപ വാടകയാണ് അദ്ദേഹം രമേഷിന്‍റെ കുടുംബത്തിനു നല്‍കിയിരുന്നത്. അമ്മ അയല്‍വീടുകളില്‍ വീട്ടുജോലിക്കു പോയാണ് കുടുംബം പോറ്റിയിരുന്നത്. വീട്ടു ജോലിചെയ്യാൻ പോകുന്ന അമ്മയ്ക്ക് കിട്ടിയിരുന്നത് മാസം അന്പതു രൂപയും ഭക്ഷണവും മാത്രമായിരുന്നു.

പലപ്പോഴും ഒരുനേരത്തെ ഭക്ഷണം കഴിച്ചാണ് വീട്ടിലുള്ളവർ കഴിഞ്ഞിരുന്നത്. ഈ അന്പതു രൂപയും മുടിവെട്ടു കടയില്‍നിന്നു അതു തുറക്കുന്ന ദിവസങ്ങളില്‍ കിട്ടുന്ന അഞ്ചു രൂപയും കൊണ്ടുവേണം കുട്ടികള്‍ക്കുള്ള വസ്ത്രം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും നടത്തേണ്ടിയിരുന്നത്. അതിനാല്‍ ഏഴാം ക്ലാസില്‍ പഠിക്കുന്പോള്‍ മുതല്‍ രമേഷ്ബാബു പത്രവിതരണത്തിനും പാല്‍വിതരണത്തിനുമായി പോകുമായിരുന്നു. ഇതു മാത്രമല്ല ആര് എന്ത് ജോലി പറഞ്ഞാലും രമേഷ് അത് ഏറ്റെടുത്തു ചെയ്യും. പണം സന്പാദിച്ച്‌ വലിയവനാകണമെന്ന് അദ്ദേഹത്തിന് അന്നേ ആഗ്രഹമുണ്ടായിരുന്നു.

അമ്മ ജോലിക്കു പോകുന്ന വീട്ടിലെ സ്ത്രീ രമേഷ് ബാബുവിന് ഒരു സൈക്കിള്‍ നല്‍കിയിരുന്നു. ഈ സൈക്കിളിലായിരുന്നു പത്രവിതരണം നടത്തിയിരുന്നത്. എന്നാല്‍ അന്നത്തെക്കാലത്ത് പാല്‍വിതരണവും പത്രവിതരണവുമൊക്കെ നടത്തിയിട്ടും രമേഷ് ബാബുവിന് പ്രതിമാസം സന്പാദിക്കാനായത് വെറും നൂറു രൂപ മാത്രമായിരുന്നു. പത്താം ക്ലാസ് നല്ല നിലയില്‍ പാസായ രമേഷ് ഐടിഐ ഡിപ്ലോമ കോഴ്സിനു ചേർന്നു. അവിടെനിന്നും ഇലക്‌ട്രോണിക്സില്‍ കോഴ്സ് പൂർത്തിയാക്കി.

18 വയസായപ്പോള്‍ രമേഷ് ബാബു തന്‍റെ അമ്മാവൻ നടത്തിയ മുടിവെട്ട് കട ഏറ്റെടുത്തു. അവിടെ ഒരു ജോലിക്കാരനെ വച്ച്‌ മുടിവെട്ട് ആരംഭിച്ചു. ഇതിനിടെ മുടിവെട്ടാൻ അല്പമൊക്കെ പഠിക്കുകയും ചെയ്തു. ഒരു ദിവസം രാവിലെ ഒരു കസ്റ്റമർ മുടി വെട്ടാൻ എത്തിയപ്പോള്‍ ജോലിക്കാരൻ എത്തിയിരുന്നില്ല. എങ്ങനെയും മുടി വെട്ടിക്കിട്ടിയാല്‍ മതിയെന്നു പറഞ്ഞ കസ്റ്റമറിന് രമേഷ് മുടിവെട്ടിക്കൊടുത്തു.

അന്നുമുതല്‍ ഇരുവരും ചേർന്ന് മുടി വെട്ടാൻ തുടങ്ങി. വരുന്നവരോടുള്ള സൗഹൃദപരമായ പെരുമാറ്റവും മറ്റും രമേഷിന് ധാരാളം കസ്റ്റമേഴ്സിനെ ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ അദ്ദേഹം അച്ഛന്‍റെ ഒറ്റമുറി കട പുതിയ രീതിയില്‍ ആക്കി കാലത്തിനൊത്തുള്ള പരിഷ്കാരങ്ങള്‍ വരുത്തി. കടയ്ക്ക് ഇന്നർ സ്പേസ് എന്ന പേരുമിട്ടു.

അപ്പോഴാണ് തനിക്കും കുടുംബത്തിനും സഞ്ചരിക്കാനായി ഒരു കാർ വേണമെന്ന ചിന്ത രമേഷിലുണ്ടായത്. പക്ഷേ കട നവീകരിക്കാനും മറ്റും പണം ചെലവാക്കുകയും കടം വാങ്ങുകയും ചെയ്തിരുന്നതിനാല്‍ രമേഷിന്‍റെ കൈയില്‍ കാർ വാങ്ങാനുള്ള പണം ഉണ്ടായിരുന്നില്ല. 1993ല്‍ അദ്ദേഹം ഒരു പുതിയ മാരുതി ഓമ്നി വാൻ സ്വന്തമാക്കി. ലോണ്‍ എടുത്തായിരുന്നു കാർ വാങ്ങിയത്. അതിനാല്‍ മാസം 6,800 രൂപയോളം ബാങ്കില്‍ അടയ്ക്കേണ്ടതായി ഉണ്ടായിരുന്നു. എന്നാല്‍ കട നവീകരിക്കാനും മറ്റും കടമെടുത്ത രമേഷിന് ലോണ്‍ കൃത്യമായി അടച്ചുപോവുക വളരെ ബുദ്ധിമുട്ടായി തോന്നി.

അങ്ങനെയിരിക്കുന്പോഴാണ് അമ്മ വീട്ടുജോലിക്കു പോയിക്കൊണ്ടിരുന്ന വീട്ടുകാർ വഴി ഒരാള്‍ കാർ വാടകയ്ക്ക് എടുക്കാമെന്നു പറഞ്ഞ് രമേഷിനെ സമീപിക്കുന്നത്. 1994ല്‍ അത് വാടകയ്ക്ക് നല്‍കി. ഇതായിരുന്നു അദ്ദേഹത്തിന്‍റെ ട്രാവല്‍സിന്‍റെ തുടക്കം. മുടിവെട്ടു കടയില്‍നിന്നു കാര്യമായ വരുമാനം ലഭിച്ചു തുടങ്ങിയതോടെ മറ്റൊരു ഓംമ്നി വാൻ കൂടി വാങ്ങി അതും വാടകയ്ക്ക് നല്‍കി. രണ്ടു മൂന്നു കൊല്ലത്തിനുള്ളില്‍ രമേഷ് ഏഴ് മാരുതി ഓംമ്നി കാറുകള്‍ വാങ്ങി.

തന്‍റെ ഭാഗ്യനന്പറായി അദ്ദേഹം കരുതുന്നത് ആറ് എന്ന അക്കമാണ്. നിരവധി തവണ ആറാം നന്പർ അദ്ദേഹം ലേലത്തില്‍ വാങ്ങി. രമേഷ് ആദ്യമായി വാങ്ങിയ കാറിനുള്ള ആറാം നന്പർ തനിക്കു ഭാഗ്യം നല്‍കിയതായാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. ഇന്നും ആദ്യമായി വാങ്ങിയ ഓംമ്നി കാർ രമേഷിന്‍റെ പക്കലുണ്ട്. അത് ഒരിക്കലും താൻ വില്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്നദ്ദേഹത്തിന് ആഡംബരക്കാറുകളടക്കം 400 ലധികം കാറുകളുണ്ട്. 1,200 കോടി രൂപയടെ ആസ്തിയാണ് രമേഷ് ബാബുവിനുള്ളത്. എങ്കിലും തന്‍റെ സലൂണില്‍ ഇന്നും അദ്ദേഹം ദിവസവും അഞ്ച് മണിക്കൂർ ജോലി ചെയ്യുന്നു. തന്‍റെ വേരുകള്‍ അവിടെയാണ് എന്നും അത് മറക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്.

നേരത്തെ പിതാവു മരിച്ചതിനുശേഷം ദിവത്തില്‍ ഒരു നേരം മാത്രമാണ് താൻ നേരാംവണ്ണം ഭക്ഷണം കഴിച്ചിരുന്നതെന്നും അതൊന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും രമേഷ് പറയുന്നു.

നിരവധി ഇന്നോവ കാറുകളും ലക്ഷ്വറി ബസും മറ്റെല്ലാത്തരം യാത്രാ വാഹനങ്ങളും രമേഷ് ടൂർസ് ആൻഡ് ട്രാവല്‍സിലുണ്ട്. ദിവസം 75,000 രൂപ വരെയാണ് തന്‍റെ ലക്ഷ്വറി കാറുകള്‍ക്ക് അദ്ദേഹം വാടക ഈടാക്കുന്നത്. സിനിമാ താരങ്ങളും ഷൂട്ടിംഗ് ആവശ്യമുള്ളവരും ഉന്നത രാഷ്ട്രീയ നേതാക്കളുമൊക്കെ രമേഷ് ടൂർസിന്‍റെ കസ്റ്റമേഴ്സാണ്. മാസങ്ങള്‍ക്കു മുന്പ് ഒറ്റ ദിവസം മൂന്ന് ലക്ഷ്വറി കാറുകള്‍ ഒരുമിച്ച്‌ വാങ്ങി മുറ്റത്തെത്തിച്ച്‌ വാർത്തകളില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നു.

മെർസിഡസ് ബെൻസ് ഇ-ക്ലാസ് സെഡാനുകളാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. തന്‍റെ കമ്ബനിയായ രമേശ് ടൂർസ് ആൻഡ് ട്രാവല്‍സ് വഴി ഇവയും സെലിബ്രിറ്റികള്‍ക്ക് വാടകയ്ക്ക് നല്‍കാനാണ് കോടീശ്വരനായ വ്യവസായിയുടെ തീരുമാനം. ഡല്‍ഹി ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്‍റെ ട്രാവല്‍സിന് ഓഫീസുകളുണ്ട്.

ഇന്ന് ബംഗൂരുവിലെ പേരെടുത്ത സലൂണുകളിലൊന്നാണ് ഇന്നർ സ്പേസ്. സലൂണില്‍ എത്തുന്നവരുടെ മുടി വെട്ടിക്കൊടുക്കുകയും ഷേവ് ചെയ്തു കൊടുക്കുകയും ഒക്കെ ചെയ്യുന്ന ആ കോടീശ്വരനെ ആളുകള്‍ അത്ഭുതാദരവോടെയാണ് കാണുന്നത്.

1994ല്‍ ആരംഭിച്ച ബിസിനസ് 30 വർഷങ്ങള്‍ക്കുശേഷം പടർന്ന് പന്തലിച്ച്‌ വൻ വിജയമായി മാറിയിട്ടും ഇന്നും എളിമ വിടാതെയുള്ള പെരുമാറ്റമാണ് രമേഷിന്‍റെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്ന്.