അയ്യോ…ഇത് ഞങ്ങടെ കുഴപ്പമല്ല…വനിതകളുൾപ്പെടെ എല്ലാവരും ‘ഫിറ്റ്’, പരിശോധനയ്ക്ക് എത്തിയവരും ഊതിയപ്പോൾ ഫലം പോസിറ്റീവ്, കെഎസ്ആർടിസിയെ വെട്ടിലാക്കി ബ്രത്ത് അനലൈസർ
കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയരായവരെല്ലാം ‘ഫിറ്റ്’. കോതമംഗലം ഡിപ്പോയിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാരുൾപ്പടെ മദ്യപിച്ചെന്ന റിസൾട്ട് ലഭിച്ചത്.
പരിശോധനയ്ക്ക് ഉപകരണവുമായി എത്തിയ സംഘം ഊതി നോക്കിയപ്പോഴും ഫലം പോസിറ്റീവ് തന്നെയായിരുന്നു. പകുതിയോളം ജീവനക്കാരെ പരിശോധിച്ചതിനുശേഷമാണ് മെഷീൻ ഇങ്ങനെ മറിമായം കാണിച്ചുതുടങ്ങിയത്.
സംശയംതോന്നി കൂടുതൽ പരിശോധന നടത്തിയതോടെയാണ് മെഷീന് തകരാണെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ഉപേക്ഷിച്ച് സംഘം മടങ്ങുകയും ചെയ്തു. ഡിപ്പോയിൽ ഇന്ന് ഡ്യൂട്ടിയിലുളള ആരും മദ്യപിച്ച് ജോലിക്കെത്തിയിരുന്നില്ല.മദ്യപിച്ച് ജോലിക്കെത്തുന്നവരുടെ എണ്ണം കൂടുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ബ്രത്ത് അനലൈസർ ടെസ്റ്റ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഡ്യൂട്ടിക്കെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും പരിശോധിച്ച് അവർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന നിർദ്ദേശവും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പുറപ്പെടുവിച്ചിരുന്നു.
ടെസ്റ്റിൽ പരാജയപ്പെട്ട നിരവധിപേർക്കെതിരെ ഇതിനകം ശിക്ഷണ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രാവിലെ ഡ്യൂട്ടിക്കായി ഡിപ്പോയിൽ എത്തുമ്പോൾ മാത്രമാണ് പരിശോധന ഉള്ളവിവരം ജീവനക്കാർ അറിയുന്നത്. തലേദിവസം മദ്യപിച്ചിരുന്നാലും ടെസ്റ്റിൽ പരാജയപ്പെടും.
അതിനാൽ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഡ്യൂട്ടിക്കെത്താത്തവരും ഡിപ്പോയിൽ എത്തിയവർ തന്നെ പരിശോധയ്ക്ക് വിധേയരാകാതെ കടന്നുകളയുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. തലസ്ഥാനത്തുൾപ്പടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു.
ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർ പരിശോധന പേടിച്ച് ഡ്യൂട്ടിക്ക് എത്താത്തത് കെഎസ്ആർടിസിക്ക് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനും ഇടയാക്കിയിരുന്നു. പരിശോധന കടുപ്പിച്ചതോടെ ജീവനക്കാർക്കിടയിലെ മദ്യപാന ശീലം കുറഞ്ഞുവരുന്നതായും അപകടങ്ങൾ കുറഞ്ഞുവരുന്നതായും ഗതാഗത മന്ത്രി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.