മറുപടി പറയേണ്ടത് സ്പീക്കറല്ല, ആഭ്യന്തര-ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്, കെ.കെ. രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചത് അനൗചിത്യമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: നിയമസഭയിൽ കെ.കെ. രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കത്തിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സംബന്ധിച്ചാണ് രമ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര-ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ആഭ്യന്തര വകുപ്പാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ഫയലുകള്‍ സംബന്ധിച്ച് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിന് യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ, മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞതിലെ അനൗചിത്യം പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്.
സര്‍ക്കാറിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സര്‍ക്കാര്‍ പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
കത്തിന്റെ പൂര്‍ണരൂപം:-
“ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സംബന്ധിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 50 പ്രകാരം ശ്രീമതി കെ. കെ. രമ, ശ്രീ. ഐ. സി. ബാലകൃഷ്ണന്‍, ശ്രീ. മോന്‍സ് ജോസഫ്, ശ്രീ. അനൂപ് ജേക്കബ്, ശ്രീ. മാണി സി. കാപ്പന്‍ എന്നീ പ്രതിപക്ഷ സാമാജികര്‍ 25.06.24നു നല്‍കിയ ഉപക്ഷേപ നോട്ടീസിനു ചട്ടം 52(ഢ) പ്രകാരം അനുമതി നിഷേധിച്ചതിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു”.