കിളിമാനൂരിലെ പോങ്ങനാട്ട് കവലയിൽ തെരുവുനായ് ശല്യം രൂക്ഷം; വിദ്യാർത്ഥികളും വഴിയാത്രക്കാരും ഭീതിയുടെ നിഴലിൽ, അനധികൃത കോഴിക്കടകൾ നായ്ക്കളുടെ വിഹാരകേന്ദ്രം, രക്ഷിതാക്കളും സ്കൂൾ അധികൃതരും പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ
കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട്ട് കവലയിൽ തെരുവുനായ് ശല്യം രൂക്ഷം. വിദ്യാർത്ഥികളും വഴിയാത്രക്കാരും ഭീതിയുടെ നിഴലിലാണ്.
ഒരു കൂട്ടം നായ്ക്കളാണ് രാപ്പകലില്ലാതെ ടൗണിൽ വിഹരിക്കുന്നത്. സർക്കാർ യു.പി സ്കൂൾ, ഹൈസ്കൂൾ എന്നിവ ടൗണിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.
കല്ലമ്പലം, പള്ളിക്കൽ, കിളിമാനൂർ, തട്ടത്തുമല എന്നിവിടങ്ങളിലേക്കുള്ള ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും എ.ടി.എം കൗണ്ടറുകൾക്കുമുന്നിലുമായി തമ്പടിക്കുന്ന തെരുവുനായ്ക്കൾ വഴിയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെയും ഓടിയടുക്കുന്നത് നിത്യസംഭവമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നിലേറെ പാരലൽ കോളേജുകളും ആശുപത്രികളും ടൗൺ കേന്ദ്രീകരിച്ചുണ്ട്. ഭീതിയോടെയാണ് ജനങ്ങൾ ഇവിടെത്തുന്നത്.
ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത കോഴിക്കടകൾക്ക് സമീപത്ത് തെരുവുനായ്ക്കൾ കേന്ദ്രീകരിക്കുന്നതായി നിരവധി പരാതികൾ ഉയർന്നെങ്കിലും ഇവക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം.