മഴവെള്ളത്തിൽ കാൽതെന്നി ; രണ്ടാംനിലയിലെ വരാന്തയിൽ നിന്ന് നാലു വയസ്സുള്ള കുട്ടി താഴേക്കു വീണു ; രക്ഷിക്കാൻ ശ്രമിച്ച അധ്യാപികയുടെ കാലൊടിഞ്ഞു ; തലയോട്ടിക്കു പരുക്കേറ്റ കുട്ടിയെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

അടിമാലി : മഴവെള്ളത്തിൽ കാൽതെന്നി, രണ്ടാംനിലയിലെ വരാന്തയിൽ നിന്ന് നാലു വയസ്സുള്ള കുട്ടി താഴേക്കു വീണു. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു. അധ്യാപികയായ പ്രീതിയുടെ ഇടത്തേ കാലാണ് ഒടിഞ്ഞത്.

തലയോട്ടിക്കു പരുക്കേറ്റ, കോയേലിപറമ്പിൽ ആന്റപ്പന്റെ മകൾ മെറീനയെ കോട്ടയത്തു കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടി വർക്ക‌ർ കല്ലാർ വട്ടയാർ ചാത്തനാട്ടുവേലിയിൽ പ്രീതി (52) അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിവാസൽ പഞ്ചായത്തിലെ കല്ലാർ അങ്കണവാടിയിലാണ് സംഭവം. താഴത്തെ നിലയിൽ ഭക്ഷണം കൊടുത്തശേഷം 2 കുട്ടികളെ മുകൾനിലയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. രണ്ടാം നിലയിലെ കൈവരിയിലെ കമ്പികൾക്കിടയിലൂടെയാണു മെറീന ഇരുപതടിയോളം താഴ്ചയിൽ, കെട്ടിടത്തിന്റെ അരികിലൂടെ വെള്ളമൊഴുകുന്ന ഓടയിലേക്കു വീണത്.

അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. കുട്ടികൾ ഭക്ഷണം കഴിക്കുന്നതു താഴത്തെ നിലയിലാണ്. ഇവിടെയായിരുന്നു നേരത്തേ അങ്കണവാടി. 2018ലെ പ്രളയത്തിൽ വെള്ളം കയറിയതിനാൽ മുകളിലത്തെ നിലയിലേക്കു മാറ്റുകയായിരുന്നു.