
ഒല്ലൂർ: റെയിൽവേ പാളത്തിൽ ജോലിചെയ്യുന്നതിനിടെ ട്രെയിൻ വരുന്നതു കണ്ട് മാറിയ ജീവനക്കാരൻ അടുത്ത പാളത്തിലൂടെ വന്ന മറ്റൊരു ട്രെയിനിടിച്ച് മരിച്ചു.
തിങ്കളാഴ്ച രാവിലെ 11.30-ന് ഒല്ലൂരിനടുത്ത് അവിണിശ്ശേരി ബോട്ടുജെട്ടിക്കു സമീപം ട്രാക്കിലെ വളവിനടുത്തായിരുന്നു അപകടം. ഒല്ലൂർ റെയിൽവേ സ്റ്റേഷനിലെ ഗാങ് നമ്പർ രണ്ടിലെ കീമാൻ ആയ വടൂക്കര എസ്.എൻ. നഗർ ചന്ദ്രിക ലെയ്നിലെ കെ.എസ്. ഉത്തമൻ ആണ് മരിച്ചത്.
അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. വണ്ടികൾ പോകുന്ന പാളത്തിലിരുന്ന് ജോലിചെയ്യുകയായിരുന്ന ഉത്തമൻ അതേ ട്രാക്കിലൂടെ സ്പെഷ്യൽ ട്രെയിൻ വരുന്നതു കണ്ട് അപ്പുറത്തെ പാളത്തിലേക്ക് മാറിനിന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, കനത്ത മഴയും വളവും കാരണം ഇതിലൂടെ വണ്ടി വരുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കരുതുന്നത്. വേണാട് എക്സ്പ്രസാണ് പിന്നിൽനിന്ന് ഇടിച്ചത്.
തീവണ്ടിയുടെ എഞ്ചിനിൽ കുടുങ്ങിയ മൃതദേഹവുമായി ഒരു കിലോമീറ്ററോളം വണ്ടി മുന്നോട്ടുനീങ്ങിയ ശേഷമാണ് നിർത്താനായത്.
നെടുപുഴ പോലീസും ആർ.പി.എഫും എത്തി ഒരു മണിക്കൂർകൊണ്ടാണ് മൃതദേഹം പുറത്തെടുത്തത്.
ചങ്ങല ഗേറ്റിനു സമീപത്തെ പാളത്തിലെ വളവിൽ മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മരിച്ച ഉത്തമന്റെ ഭാര്യ: ശ്രീജ. മക്കൾ: അസ്മിത, അക്ഷയ്. മരുമകൻ: അരുൺ. സംസ്കാരം ചൊവാഴ്ച രണ്ടിന് വടൂക്കര ശ്മശാനത്തിൽ.