
കൊച്ചി: സമരം ചെയ്യുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന് ഹൈക്കോടതി.
ഫെഡറൽ ബാങ്ക് ആസ്ഥാനത്തിന്‍റെയും ശാഖ ഓഫിസുകളുടെയും 50 മീറ്റർ ചുറ്റളവിൽ ധർണയടക്കം സമരങ്ങൾ പാടില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണം.
200 മീറ്റർ ചുറ്റളവിൽ സമരം പാടില്ലെന്ന ആലുവ മുൻസിഫ് കോടതിയുടെ ഉത്തരവ് ഭേദഗതി ചെയ്ത നോർത്ത് പറവൂർ അഡീ. ജില്ല കോടതി പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തിയാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻസിഫ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത് ചോദ്യം ചെയ്ത് ഫെഡറൽ ബാങ്ക് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. മുന്നറിയിപ്പില്ലാതെ ഫെഡറൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ ധർണ നടത്തിയതിനെതിരെ ബാങ്ക് നൽകിയ ഹർജിയിലാണ് മുൻസിഫ് കോടതി ഉത്തരവുണ്ടായത്.
ബാങ്കിലേക്ക് ജീവനക്കാരും ഇടപാടുകാരും വരുന്നതും പോകുന്നതും തടയരുതെന്നും നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യരുതെന്നും മുൻസിഫ് കോടതി ഉത്തരവിട്ടു.
ആസ്ഥാന മന്ദിരം, ട്രെയിനിങ് സെന്‍റർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് എന്നിവയുടെയും ശാഖകളുടെയും 200 മീറ്റർ ചുറ്റളവിൽ യോഗമോ ധർണയോ പ്രകടനമോ നടത്തുന്നതും പോസ്റ്ററുകളോ ബാനറുകളോ സ്ഥാപിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും സമരപ്പന്തൽ സ്ഥാപിക്കുന്നതും തടഞ്ഞു.
നിലവിലെ നോട്ടീസ് ബോർഡ്, ഹോർഡിങ്സ്, ബാനറുകൾ തുടങ്ങിയവ നീക്കാനും ആവശ്യപ്പെട്ടു.